വിശപ്പുമാറ്റാന്‍ ഇന്ത്യക്കാവുന്നില്ല ; ആഗോള ‘വിശപ്പ് സൂചിക’യില്‍ ഇന്ത്യ നൂറാം സ്ഥാനത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിശപ്പുമാറ്റാന്‍ ഇന്ത്യക്കാവുന്നില്ല ; ആഗോള ‘വിശപ്പ് സൂചിക’യില്‍ ഇന്ത്യ നൂറാം സ്ഥാനത്ത്

ജനങ്ങളുടെ വിശപ്പുമാറ്റാന്‍ ഇന്ത്യക്കാവുന്നില്ലെന്ന് റിപ്പോര്‍ട്ട്. ലോകത്ത് ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ഖ്യാതിയില്‍ നില്‍ക്കുമ്പോഴും 119 രാജ്യങ്ങളുള്‍പ്പെട്ട ആഗോള ‘വിശപ്പ് സൂചിക’യില്‍ ഇന്ത്യ നൂറാം സ്ഥാനത്താണ്. ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെതാണ് (ഐ.എഫ്.പി.ആര്‍.ഐ.) റിപ്പോര്‍ട്ട്.

ഇറാഖ് (78), ബംഗ്ലാദേശ് (88), ഉത്തരകൊറിയ (93), തുടങ്ങിയ രാജ്യങ്ങള്‍പോലും ഇന്ത്യയെക്കാള്‍ മെച്ചപ്പെട്ട സ്ഥാനത്താണ്. 97ാം സ്ഥാനത്തായിരുന്നു 2016ല്‍ പട്ടികയില്‍ ഇന്ത്യ. 2014ല്‍ 55ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം.

ഏഷ്യന്‍ രാജ്യങ്ങളില്‍ കുറഞ്ഞ പോയന്റ് നേടിയതില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാനിസ്താനും പാകിസ്താനുമാണ് ഇന്ത്യക്ക് പിന്നിലുള്ളത്. 31.4 സ്‌കോറാണ് ഇന്ത്യ നേടിയത്. ഗുരുതര പ്രശ്‌നം നേരിടുന്ന രാജ്യങ്ങളുടെ വിഭാഗത്തിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 35 മുതല്‍ 49.9 വരെ പോയന്റ് നേടിയ രാജ്യങ്ങളെ അതിഗുരുതരവിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളത്. 9.9 പോയന്റുവരെ നേടിയ രാജ്യങ്ങളാണ് പട്ടികയിലെ വിശപ്പറിയാരാജ്യങ്ങള്‍.

ചൈന 29ാം സ്ഥാനത്തെത്തി. നേപ്പാള്‍ 72ഉം മ്യാന്‍മാര്‍ 77ഉം ശ്രീലങ്ക 84ഉം സ്ഥാനത്താണ്. പാകിസ്താന്‍ പട്ടികയില്‍ 106ാം സ്ഥാനത്തും അഫ്ഗാനിസ്താന്‍ 107ാമതുമാണ്. മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.പോഷകാഹാരക്കുറവ് നികത്താന്‍ ദേശീയതലത്തില്‍ ഇന്ത്യ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുമ്പോഴും വരള്‍ച്ചയും മറ്റുമാണ് ഇന്ത്യയിലെ വലിയൊരു വിഭാഗം പാവപ്പെട്ട ജനങ്ങളെ പോഷകാഹാരക്കുറവിലാക്കുന്നതെന്ന് ഐ.എഫ്.പി.ആര്‍.ഐ.യുടെ ദക്ഷിണേഷ്യാ ഡയറക്ടര്‍ പി.കെ. ജോഷി പറഞ്ഞു. ഇന്ത്യയില്‍ അഞ്ചു വയസ്സില്‍ താഴെയുള്ള അഞ്ചിലൊരുഭാഗം കുട്ടികളും ഉയരത്തിന് ആനുപാതികമായ തൂക്കമില്ലാത്തവരും മൂന്നിലൊരു ഭാഗം കുട്ടികള്‍ പ്രായത്തിനനുസരിച്ചുള്ള വളര്‍ച്ചയില്ലാത്തവരുമാണെന്ന് സൂചികയില്‍ വ്യക്തമാക്കുന്നു. അതേസമയം 2022ഓടെ പോഷകാഹാരക്കുറവ് മറികടക്കാനുള്ള ഇന്ത്യയുടെ പദ്ധതികളില്‍ ജോഷി സംതൃപ്തി പ്രകടിപ്പിച്ചു.

കടുത്ത പോഷകാഹാരക്കുറവാണ് കുട്ടികള്‍ നേരിടുന്നത്. ഇതു തടയാന്‍ ശക്തമായ നടപടികളാവശ്യമാണെന്നും ഐ.എഫ്.പി.ആര്‍.ഐ. റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഇന്ത്യയിലെ വളര്‍ച്ച മുരടിപ്പുള്ള കുട്ടികളുടെ നിരക്കില്‍ കുറവുണ്ടായിട്ടുണ്ട്. 17 വര്‍ഷത്തിനിടെ വളര്‍ച്ച മുരടിപ്പ് നിരക്ക് 29 ശതമാനം കുറഞ്ഞു.


LATEST NEWS