യു പി യില്‍ മരിച്ച കുട്ടികളുടെ എണ്ണം 66 ആയി: ആദിത്യനാഥ് സര്‍ക്കാര്‍ പ്രതിരോധത്തില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യു പി യില്‍ മരിച്ച കുട്ടികളുടെ എണ്ണം 66 ആയി: ആദിത്യനാഥ് സര്‍ക്കാര്‍ പ്രതിരോധത്തില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിക്കുന്ന കുട്ടികളുടെ എണ്ണം ഉയരുന്നു. ഗോരഖ്പുരില്‍ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജില്‍ മൂന്നുകുട്ടികള്‍ കൂടി മരിച്ചു. ഇതോടെ  മരിച്ച കുട്ടികളുടെ എണ്ണം 66 ആയി. ഓക്‌സിജന്‍ കിട്ടാതെ നവജാത ശിശുക്കള്‍ മരിച്ച ആശുപത്രിയില്‍ ശിശുമരണങ്ങള്‍ കൂടുന്നത് സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. ഇതിനിടയില്‍ സംഭവത്തെ പറ്റി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രി സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ശിശുരോഗ വിദഗ്ധരടങ്ങിയ സംഘം പരിശോധന നടത്തി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഇന്ന് രാവിലെയാണ് മൂന്ന് കുട്ടികള്‍കൂടി ആശുപത്രിയില്‍ മരണപ്പെടുന്നത്.

സംഭവത്തിന് പിന്നിലെ കൃത്യമായ കാരണമെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നില്ല. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടികളുള്‍പ്പെടെയുള്ളവരാണ് മരിച്ചത്.

കുടിശ്ശിക തുക ലഭിക്കാത്തതിനെത്തുടര്‍ന്ന് കമ്പനി ഓക്‌സിജന്‍ വിതരണം നിര്‍ത്തി വെച്ചതിനെ തുടര്‍ന്നാണ് യുപി ഇത്രയും വലിയ ദുരന്തത്തിന് സാക്ഷിയായത്. കഴിഞ്ഞ 5 ദിവസം കൊണ്ട് 63 കുട്ടികള്‍ സംസ്ഥാനത്ത് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഓക്‌സിജന്റെ ലഭ്യതകുറവ് മൂലമാണ് കുട്ടികള്‍ മരിച്ചതെന്ന ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു. ഓക്‌സിജന്‍ കുടിശിക തുക നല്‍കാനുണ്ടെന്ന് സ്ഥിരീകരിച്ച അധികൃതകര്‍ പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിനെ ചുമതലപ്പെടുത്തിയെന്നും വ്യക്തമാക്കി.

 സംസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രിയായ ബി.ആര്‍.ഡിയില്‍ ഇതുവരെ മരിച്ചത് 11 പേര്‍ മാത്രമാണെന്നാണ് സര്‍ക്കാര്‍ വാദം. അതും ഓക്‌സിജന്‍ വിതരണത്തിലെ തകരാറാണെന്ന് അംഗീകരിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളിലെ മരണ സംഖ്യയേക്കാള്‍ കുറവാണ് ഈ വര്‍ഷമെന്നുമാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

നിഷ്‌കളങ്കരായ കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സസ്‌പെന്റ് ചെയ്യപ്പെട്ട ആശുപത്രി മേധാവി ഡോ.രാജീവ് മിശ്ര പറഞ്ഞു. എന്നാല്‍ ആസ്പത്രിക്കു വേണ്ടി പലതവണ ആവശ്യപ്പെട്ടിട്ടും ധനസഹായം നല്‍കാന്‍ കൂട്ടാക്കാത്ത യോഗി ആദ്യത്യനാഥ് സര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിച്ചു. സമയത്ത് ഫണ്ടുകിട്ടിയിരുന്നെങ്കില്‍ കുടിശ്ശികയുണ്ടായിരുന്ന പണം ഓക്‌സിജന്‍ കമ്പനിക്ക് കൊടുക്കാനാകുമായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. 

എന്നാല്‍ ഈ മാസം നാലിന് മാത്രമാണ് ഡോക്ടര്‍ രാജീവ് മിശ്രയുടെ നിവേദനം ലഭിക്കുന്നതെന്നും തൊട്ടടുത്ത ദിവസം തന്നെ അത് പാസ്സാക്കിയതായും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. ജൂലൈ മൂന്നു മുതല്‍ മൂന്നു തവണ ഇക്കാര്യം ആവശ്യപ്പെട്ട് അധികൃതര്‍ക്ക് കത്ത് നല്‍കിയതായി ഡോ.മിശ്ര പറഞ്ഞു. ഉദ്യോഗസ്ഥരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലും ഇക്കാര്യം ആവശ്യപ്പെട്ടു.

കുട്ടികള്‍ മരിച്ചതോടെ ആശുപത്രി അധികൃതര്‍ ജാഗരൂഗരാകുകയും ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്തുകയും ചെയ്തു. എന്നാല്‍ വീണ്ടും വിതരണം നിലയ്ക്കുകയായിരുന്നു. ഇതോടെ 10 കുട്ടികള്‍ കൂടി മരിച്ചു. എന്‍സഫലൈറ്റിസ് ബാധിച്ച കുട്ടികളാണ് മരിച്ചവരില്‍ കൂടുതലും. ഉത്തര്‍പ്രദേശിലെ കുട്ടികളിലെ എന്‍സഫലൈറ്റിസ് രോഗം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നതിനിടയിലാണ് ദാരുണ സംഭവം നടന്നത്. ആശുപത്രിയുടെ പ്രവര്‍ത്തനം പരിശോധിക്കാനായി രണ്ടു ദിവസം മുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതേ ആശുപത്രിയില്‍ എത്തിയിരുന്നു.

ഓക്‌സിജന്റെ അളവില്‍ കുറവ് വന്നുകൊണ്ടിരിക്കുന്ന കാര്യം ആശുപത്രയിലെ സാങ്കേതിക വിഭാഗം നേരത്തെതന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇത് ഗൗരവത്തിലെടുക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് കുട്ടികളുടെ മരണത്തിനിയനിടയാക്കിയതെന്ന ആരോപണവും ശക്തമായിരുന്നു.