വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
ന്യൂഡല്‍ഹി : ഗുജറാത്ത്- ഹിമാചല്‍പ്രദേശ് ഫലങ്ങള്‍ ഇന്നറിയാം. രാവിലെ ഒന്‍പത് മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. പതിനൊന്ന് മണിയോടെ ആദ്യഫലസൂചനകള്‍ ലഭ്യമാകും. ഇരുസംസ്ഥാനങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താനും ഹിമാചല്‍ കോണ്‍ഗ്രസില്‍നിന്നു പിടിച്ചെടുക്കാനും സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
ഇരു സംസ്ഥാനങ്ങളിലും വിജയപ്രതീക്ഷ അവസാനിപ്പിച്ച കോണ്‍ഗ്രസ് ഗുജറാത്തില്‍ വോട്ട് ശതമാനം ഉയര്‍ത്താന്‍ സാധിക്കുമെന്ന വിലയിരുത്തലിലാണ്. രണ്ടിടത്തും എക്സിറ്റ് പോളുകള്‍ ബിജെപിക്ക് വിജയം പ്രവചിച്ചിക്കുന്നു. ഗുജറാത്തില്‍ ഭരണം നിലനിര്‍ത്തിയാല്‍ ബംഗാളില്‍ ഇടതുപക്ഷത്തിനു ശേഷം ആറ് തവണ തുടര്‍ച്ചയായി ജയിക്കുന്ന കോണ്‍ഗ്രസിതര പാര്‍ട്ടിയെന്ന ബഹുമതി ബിജെപിക്ക് ലഭിക്കും.
കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുലിന് ആദ്യത്തെ പരീക്ഷണമാണ് തെരഞ്ഞെടുപ്പു ഫലം. പട്ടേല്‍ സമരനേതാവ് ഹര്‍ദ്ദിക്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍, കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന ദളിത് നേതാവ് ജിഗ്നേഷ് മേവാനി എന്നിവരുടെ ജനസമ്മതിയും തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമാകും.
ഹിമാചല്‍ നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചായി ചുരുങ്ങും. പുതുച്ചേരി, പഞ്ചാബ് എന്നിവയ്ക്ക് പുറമെ അടുത്ത വര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിസോറാം, മേഘാലയ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് ഭരണമുള്ളത്.