ഗുർമിതിനു ജയിലിൽ സുഖവാസം; പോലീസിന്റെ പ്രത്യേക പരിഗണനയെന്ന് വെളിപ്പെടുത്തൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗുർമിതിനു ജയിലിൽ സുഖവാസം; പോലീസിന്റെ പ്രത്യേക പരിഗണനയെന്ന് വെളിപ്പെടുത്തൽ

മാനഭംഗക്കേസിൽ ശിക്ഷയനുഭവിക്കുന്ന ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിനു ജയിലിൽ പ്രത്യേക പരിഗണന നൽകുന്നതായി വെളിപ്പെടുത്തൽ. ഗുർമീതിനൊപ്പം ഹരിയാനയിലെ സുനരിയ ജയിലിൽ കഴിഞ്ഞ രാഹുൽ ജെയ്ൻ ജാമ്യത്തിൽ പുറത്തെത്തിയപ്പോഴാണു വിവരങ്ങൾ വെളിപ്പെടുത്തിയത്.

ഗുർമീതിനെ സെല്ലിൽനിന്നു പുറത്തിറക്കുമ്പോൾ മറ്റു തടവുകാരെ സെല്ലിനുള്ളിൽ പൂട്ടിയിടും. ഗുർമീതിനെ പാർപ്പിച്ചിരിക്കുന്നിടത്തേക്കു മറ്റാർക്കും പ്രവേശനമില്ല. പാലോ വെള്ളമോ ജ്യൂസോ കുടിക്കാനായി അദ്ദേഹം കന്റീനിലേക്കു പോകുകയാണു പതിവെന്നാണ് അറിയാൻ കഴിഞ്ഞത്. മറ്റു തടവുകാരോടു പെരുമാറുന്നതുപോലെയല്ല ജയിൽ അധികൃതർ ഗുർമീതിനോടു പെരുമാറുന്നതെന്നും രാഹുൽ പറഞ്ഞു. 

നേരത്തേ, ജയിൽവളപ്പിനുള്ളിൽ സ്വതന്ത്രമായി നടക്കാമായിരുന്നു. ഭക്ഷണവും നല്ലതായിരുന്നു. എന്നാൽ ഇപ്പോഴതു മാറി. വസ്ത്രങ്ങളും ചെരുപ്പും അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾപ്പോലും ഇപ്പോൾ വരുന്നില്ല. ഗുർമീതിനു മികച്ച സൗകര്യങ്ങൾ കൊടുക്കാൻ ശ്രദ്ധിക്കുമ്പോൾ സാധാരണ തടവുകാർക്ക് അടിസ്ഥാനപരമായ ആവശ്യങ്ങൾപ്പോലും നല്‍കാൻ ജയിൽ അധികൃതർ മെനക്കെടാറില്ല. ഇതേത്തുടർന്നു മറ്റൊരു തടവുകാരന്‍ ജഡ്ജിയെ സമീപിച്ചു. പിന്നീടാണു പതിയെയെങ്കിലും ഇവയെല്ലാം വരാൻ തുടങ്ങിയതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

15 വർഷം മുൻപ് ആശ്രമത്തിൽ താമസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ  20 വർഷത്തെ തടവാണു ഗുർമീതിന് കോടതി വിധിച്ചത്. 


LATEST NEWS