ഉത്തരേന്ത്യയില്‍ കനത്ത മഴ: മണിപ്പൂരില്‍ 9 പേരും ഉത്തരാഖണ്ഡില്‍ 7 പേരും മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഉത്തരേന്ത്യയില്‍ കനത്ത മഴ: മണിപ്പൂരില്‍ 9 പേരും ഉത്തരാഖണ്ഡില്‍ 7 പേരും മരിച്ചു

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക നാശനഷ്ടം. ഉത്തരാഖണ്ഡില്‍ 7 പേരും മണിപ്പൂരില്‍ 9 പേരും മരിച്ചു. മണിപ്പൂര്‍, മേഘാലയ, ത്രിപുര, നാഗാലാന്‍ഡ്, അസ്സം, മിസോറാം എന്നിവിടങ്ങളിലെല്ലാം കനത്ത മഴയും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അസമില്‍ 17 പേര്‍ ഇതുവരെ മരിച്ചതായാണ് കണക്ക്.

ഉത്തരാഖണ്ഡില്‍ സ്‌കൂളുകള്‍ അടച്ചു. കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ താഴ്ന്ന മേഖലയില്‍ എല്ലാം വെള്ളം കയറി. നദികള്‍ കരകവിഞ്ഞു. പലയിടത്തും പാലങ്ങള്‍ ഒലിച്ചുപോയി. ഡെറാഡൂണിലെ സീമന്ദ്‌വാറില്‍ കെട്ടിടം ഇടിഞ്ഞുവീണ് നാലു പേരും വെള്ളക്കെട്ടില്‍ വീണ് മൂന്നു പേരുമാണ് മരിച്ചത്. ദേശീയപാത പല ഭാഗത്തും തകര്‍ന്നിട്ടുണ്ട്. മണ്ണിടിഞ്ഞതിനാല്‍ ഗതാഗതവും തടസ്സപ്പെട്ടു.

മണിപ്പൂരിലെ തമെങ്‌ലോങില്‍ മൂന്നിടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സ്‌കൂള്‍ കുട്ടികള്‍ അടക്കം ഒമ്ബത് പേര്‍ മരിച്ചു. ഏഴു മൃതദേഹങ്ങള്‍ ഇതിനകം പുറത്തെടുത്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മുംബൈയില്‍ ദിവസങ്ങളായി തുടരുന്ന തോരാമഴയില്‍ ജനജീവിതം ദുസഹമായി. റെയില്‍വേ ഗതാഗതം സ്തംഭിച്ചു. നഗരത്തിലും ഗ്രാമപ്രദേശഘങ്ങളിലേയും പ്രധാന ജലസ്രോതസായ തുള്‍സി ലേക്ക് കരകവിഞ്ഞൊഴുകുകയാണ്. റോഡുകളില്‍ വെള്ളം നിറഞ്ഞതിനാല്‍ പലയിടത്തും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.