ഇന്ത്യ - പാക് അതിർത്തിയിൽ യുദ്ധസമാനമായ അന്തരീക്ഷം; അതീവ ജാഗ്രതയിൽ സൈന്യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യ - പാക് അതിർത്തിയിൽ യുദ്ധസമാനമായ അന്തരീക്ഷം; അതീവ ജാഗ്രതയിൽ സൈന്യം

പുല്‍വാമ ആക്രമണത്തെ തുടർന്ന് ഇന്ത്യ - പാക് അതിര്‍ത്തിയിൽ യുദ്ധസമാനമായ അന്തരീക്ഷം. അതീവ ജാഗ്രതയിലാണ്‌ സൈന്യം. അതോടൊപ്പം ജമ്മുവിലും കലാപ സമാനമായ അന്തരീക്ഷമാണുള്ളത്. ജനങ്ങൾ പാക് വിരുദ്ധ മുദ്രവാക്യവുമായി തെരുവിലിറങ്ങി. കലാപത്തിനുള്ള സാധ്യത കണക്കിലെടുത്ത് ജമ്മുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. 

ദേശീയപാതകയുമേന്തി ജനക്കൂട്ടം റോഡ് ഉപരോധിച്ചതോടെ ജമ്മു ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ജമ്മുവിൽ പ്രതിഷേധം അക്രമാസക്തമായതിനെ കൂടുതൽ സുരക്ഷാസേനയെ നിയോഗിച്ചു. ക്രമസമാധാന പാലനത്തിനായി ഇവിടെ സൈന്യത്തെയും രംഗത്തിറക്കിയിട്ടുണ്ട്. 

തെക്കൻ കശ്മീരിൽ മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങളും വിച്ഛേദിച്ചിരിക്കുകയാണ്. മുന്‍കരുതലെന്ന നിലയില്‍ ശ്രീനഗറിലും ഇന്‍റര്‍നെറ്റ് സേവനം പരിമിതപ്പെടുത്തി. തീവ്രവാദി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്വരയില്‍നിന്നുള്ള വാഹനവ്യൂഹത്തിന്‍റെ നീക്കം താല്‍കാലികമായി നിര്‍ത്തി വച്ചു.

അതേസമയം, ലോക രാഷ്ട്രങ്ങൾ മുഴുവൻ ഇന്ത്യ എന്ത് നടപടിയെടുക്കും എന്ന് ഉറ്റു നോക്കുകയാണ്.  ഇന്ത്യന്‍ സൈന്യത്തിനെതിരെ ജെയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണങ്ങള്‍ക്ക് നേരത്തെ അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണങ്ങളിലൂടെ ഇന്ത്യ തിരിച്ചടി നല്‍കിയിട്ടുണ്ട്. സമാനമായ സൈനിക ഓപ്പറേഷന്‍ ഇന്ത്യ  ഇപ്പോള്‍ നടത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.


LATEST NEWS