വെല്ലിങ്ടണിലും ഇന്ത്യ; ഓള്‍റൗണ്ട് മികവില്‍ 4-1ന് പരമ്പര

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വെല്ലിങ്ടണിലും ഇന്ത്യ; ഓള്‍റൗണ്ട് മികവില്‍ 4-1ന് പരമ്പര


വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് 35 റണ്‍സിന്റെ വിജയം. ഇന്ത്യയുയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികളുടെ പോരാട്ടം 44.1 ഓവറില്‍ 217 റണ്‍സില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് നേടിയ ചാഹലും രണ്ടുപേരെ വീതം പുറത്താക്കിയ ഷമിയും പാണ്ഡ്യയുമാണ് കിവികളെ എറിഞ്ഞിട്ടത്. ഇതോടെ ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. റായുഡു കളിയിലെയും ഷമി പരമ്പരയിലെയും താരമായി.

മറുപടി ബാറ്റിംഗില്‍ കിവികളുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. അക്കൗണ്ടില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് പേര്‍ കൂടാരം കയറി. നാലാം ഓവറിലെ മൂന്നാം പന്തില്‍ നിക്കോള്‍സിനെ(8) ഷമി, ജാദവിന്‍റെ കൈകളിലെത്തിച്ചു. 10-ാം ഓവറിലെ ആദ്യ പന്തില്‍ കോളിന്‍ മണ്‍റോയെ(24) ഷമി ബൗള്‍ഡാക്കി. തൊട്ടടുത്ത ഓവറില്‍ റോസ് ടെയ്‌ലറെ(1) പാണ്ഡ്യ എല്‍ബിയിലും കുടുക്കി. റായുഡു- ശങ്കര്‍ സഖ്യം ഓര്‍മ്മിപ്പിച്ച് വില്യംസണ്‍- ലഥാം കൂട്ടുകെട്ട് മുന്നോട്ട് കുതിക്കുമെന്ന് തോന്നിച്ചു പിന്നീട്.

എന്നാല്‍ വില്യംസണെ(39) കേദാര്‍ ജാദവും ലഥാമിനെ(37) ചഹലും പുറത്താക്കിയതോടെ കിവികളുടെ പ്രതീക്ഷകള്‍ മങ്ങി. വൈകാതെ ഗ്രാന്‍ഡ്ഹോമിനെയും(11) ചാഹല്‍ എല്‍ബിയില്‍ വീഴ്‌ത്തിയതോടെ കിവികള്‍ 135-6. ആതിഥേയരുടെ അവസാന പ്രതീക്ഷ നീഷാനിലായി. അത് എന്നാല്‍ എറിഞ്ഞ ജാദവെറിഞ്ഞ 37-ാം ഓവറില്‍ അമിതാവേശം കാട്ടിയ നീഷാനെ(44) ധോണി സ്റ്റംപ് ചെയ്തു. എല്‍ബിക്കായുള്ള അപ്പീലിനിടയില്‍ ക്രീസ് വിട്ടിറങ്ങിയ താരം ധോണിവേഗത്തിന് മുന്നില്‍ കീഴടങ്ങി.

ആഷിലും ചാഹലിന്‍റെ മാന്ത്രിക സ്‌പിന്നിന് മുന്നില്‍ അടിയറവുപറഞ്ഞു. എല്‍ബിയിലായിരുന്നു ചാഹലിന്‍റെ മൂന്നാം വിക്കറ്റും. തോല്‍വിയുടെ കാഠിന്യം കുറയ്ക്കാനായി സാന്‍റ്‌നര്‍ പരിശ്രമിച്ചെങ്കിലും 44-ാം ഓവറില്‍ പാണ്ഡ്യക്ക് മുന്നില്‍ കീഴടങ്ങി. ഇന്ത്യയെ തകര്‍ത്ത ബൗളിംഗ് കൂട്ടുകെട്ടായ ഹെന്‍റിയും ബോള്‍ട്ടും അവസാന വിക്കറ്റില്‍ ഒന്നിച്ചപ്പോള്‍ അത്ഭുതങ്ങള്‍ സംഭവിച്ചില്ല‍. 45-ാം ഓവറില്‍ ഭുവിയുടെ ആദ്യ പന്തില്‍ ബോള്‍ട്ടിന്‍റെ ഷോട്ട് തേഡ് മാനില്‍ ഷമിയില്‍ അവസാനിച്ചു. ബോള്‍ട്ട്(1), ഹെന്‍റി( പുറത്താകാതെ17) എന്നിങ്ങനെയായിരുന്നു സ്‌കോര്‍.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 252 റണ്‍സില്‍ പുറത്തായിരുന്നു. മുന്‍നിര കൂപ്പുകുത്തിയപ്പോള്‍ മധ്യനിരയാണ് ഇന്ത്യയെ രക്ഷിച്ചത്. റായുഡു സെഞ്ചുറിക്കരികെ(90) പുറത്തായപ്പോള്‍ ശങ്കറും(45) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച പാണ്ഡ്യയും(45) ആണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. അഞ്ചാം വിക്കറ്റില്‍ റായുഡു- ശങ്കര്‍ സഖ്യം 98 റണ്‍സെടുത്തു. കിവീസിനായി ഹെന്‍‌റി നാലും ബോള്‍ട്ട് മൂന്നും വിക്കറ്റ് വീഴ്‌ത്തി.


LATEST NEWS