ചക്മ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചക്മ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ബുദ്ധ, ഹിന്ദു, ഹജോങ് വിശ്വാസികളായ പതിനായിരക്കണക്കിന് ചക്മ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 40,000 റോഹിങ്ക്യന്‍ മുസ്ലീങ്ങളെ നാടുകടത്താനായി ശ്രമം നടത്തവേ ചക്മ അഭയാര്‍ഥികള്‍ക്കാണ് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു, അരുണാചല്‍ മുഖ്യമന്ത്രി പെമാ ഖണ്ഡു എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

സുപ്രീംകോടതിയുടെ തീരുമാനം നടപ്പില്‍ വരുത്തുക മാത്രമാണ് കേന്ദ്രം ചെയ്യുന്നതെന്നും 1964 മുതല്‍ അരുണാചലില്‍ താമസിക്കുന്നവരാണ് ചക്മ അഭയാര്‍ഥികളെന്നും കിരണ്‍ റിജിജു അറിയിച്ചു. എന്നാല്‍ പട്ടിക വിഭാഗങ്ങളുടെയോ ഗോത്ര വിഭാഗങ്ങളുടെ പ്രത്യേക ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് നല്‍കാന്‍ കഴിയില്ല എന്നും യോഗത്തിന് ശേഷം കിരണ്‍ റിജിജു അറിയിച്ചു.

അരുണാചല്‍ പ്രദേശ്, ത്രിപുര, അസം, മിസോറാം, മേഘാലയ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും ബംഗ്ലാദേശിലെ ചിറ്റഗോങ് മലകളിലും മ്യാന്മറിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലുമായി ചിതറിക്കിടക്കുകയാണ് ചക്മ വിഭാഗം. 1964-69 വര്‍ഷങ്ങളില്‍ 5,000 ആയിരുന്ന ഈ അഭയാര്‍ത്ഥികളുടെ എണ്ണം 1,00,000 ആയി വര്‍ധിച്ചിട്ടുണ്ട്.
ഇവരില്‍ പലരും ഐക്യരാഷ്ട്രസഭ അഭയാര്‍ഥി ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ചക്മകള്‍ക്ക് രാജ്യത്ത് ഭൂമി സ്വന്തമായിഅനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി സൂചിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും വിദൂര-വനമേഖലകളില്‍ താമസിക്കുന്ന അഭയാര്‍ഥികള്‍ക്ക് ഇന്നര്‍ലൈന്‍ പെര്‍മിറ്റ് അനുവദിക്കാനും തീരുമാനമുണ്ട്.