ഇന്ത്യക്കെതിരെയുള്ള മലേഷ്യന്‍ പ്രധാനമന്ത്രിയുടെ വിവാദം;  നിലപാട് കടുപ്പിച്ച് ഇന്ത്യന്‍ വ്യാപാരികള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യക്കെതിരെയുള്ള മലേഷ്യന്‍ പ്രധാനമന്ത്രിയുടെ വിവാദം;  നിലപാട് കടുപ്പിച്ച് ഇന്ത്യന്‍ വ്യാപാരികള്‍

ന്യൂഡൽഹി:  ഇന്ത്യക്കെതിരെയുള്ള മലേഷ്യന്‍ പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യന്‍ വ്യാപാരികള്‍. പ്രതിഷേധ സൂചകമായി മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സര്‍ക്കാരിന്‍റെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച് വ്യാപാരികള്‍ രംഗത്തെത്തിയത്. 

മലേഷ്യയില്‍ നിന്നും പാമോയില്‍ വാങ്ങരുതെന്നാണ് വ്യാപാരികളുടെയും ഇറക്കുമതിക്കാരുടെയും സംഘടന നല്‍കിയ നിര്‍ദ്ദേശമെന്നും ഇന്ത്യയും മലേഷ്യയും തമ്മില്‍ അടുത്തിടെയുണ്ടായ പ്രശ്നങ്ങളില്‍ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖാപിക്കാനാണ് ഈ തീരുമാനമെന്നും പാമോയില്‍ വ്യാപാരികളുടെ സംഘടനയായ സോള്‍വെന്‍റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. മലേഷ്യക്ക് പകരം ഇന്തോനേഷ്യ, അര്‍ജന്‍റീന, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പാമോയില്‍ ഇറക്കുമതി വര്‍ധിപ്പിക്കണമെന്നും സംഘടന അറിയിച്ചു.

കഴിഞ്ഞ മാസം ഐക്യാരഷ്ട്രസഭയില്‍ പ്രസംഗിക്കുന്നതിനിടെയാണ് മലേഷ്യന്‍ പ്രധാനമന്ത്രി മഹതിര്‍ മുഹമ്മദ് വിവാദ പരാമര്‍ശം നടത്തിയത്. കശ്മീരില്‍ ഇന്ത്യ അതിക്രമിച്ച് കയറുകയും കൈവശപ്പെടുത്തുകയും ചെയ്തെന്നായിരുന്നു മഹതിര്‍ മുഹമ്മദ് പറഞ്ഞത്. തുടര്‍ന്നാണ് മലേഷ്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അറിയിച്ചിരുന്നു. പാമോയില്‍ ഇറക്കുമതി ഇന്ത്യ അവസാനിപ്പിച്ചാല്‍ മലേഷ്യക്ക് കനത്ത തിരിച്ചടിയാകും. കഴിഞ്ഞ ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 3.9 മില്യണ്‍ ടണ്‍ പാമോയിലാണ് മലേഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്.