39 ഇന്ത്യക്കാര്‍ മൊസൂളിലെ ജയിലിലെന്നു സൂചന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

39 ഇന്ത്യക്കാര്‍ മൊസൂളിലെ ജയിലിലെന്നു സൂചന

ന്യൂഡൽഹി: മൂന്നുവർഷം മുൻപ് ഇറാഖിൽനിന്നു ഭീകരസംഘടനയായ ഐഎസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യൻ പൗരൻമാർ വടക്കുപടിഞ്ഞാറൻ മൊസൂളിലെ ബാദുഷ് ജയിലിലുണ്ടായേക്കാമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇറാഖ് വിദേശകാര്യമന്ത്രി 24നു ഡൽഹി സന്ദർശിക്കുമ്പോൾ ഇക്കാര്യത്തിൽ പുതിയ വിവരങ്ങൾ ലഭ്യമായേക്കുമെന്നും സുഷമ സ്വരാജ് പറഞ്ഞു.

ഇറാഖിൽ തട്ടിക്കൊണ്ടുപോകപ്പെട്ട ഇന്ത്യക്കാരിലേറെയും പ‍ഞ്ചാബിൽനിന്നുള്ളവരാണ്. ഭീകരരിൽനിന്നു മൊസൂൾ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ, കാണാതായ ഇന്ത്യക്കാരുടെ വിവരം തേടി വിദേശകാര്യസഹമന്ത്രി വി.കെ. സിങ് ഇറാഖിലേക്കു പോയിരുന്നു. 

ഒരു ആശുപത്രി നിർമാണസ്ഥലത്തായിരുന്ന ഇന്ത്യക്കാരെ പിന്നീട് ഒരു കൃഷിയിടത്തിലേക്കും അവിടെനിന്നു ബാദുഷ് ജയിലിലേക്കും മാറ്റുകയായിരുന്നുവെന്നാണ് ഇറാഖ് രഹസ്യാന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥർ കൈമാറിയ വിവരം. ബാദുഷിൽ ഐഎസും സൈന്യവും തമ്മിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുന്നുണ്ട്.

ഇറാഖിൽ കാണാതായവരുടെ കുടുംബാംഗങ്ങൾ ഇന്നലെ വിദേശകാര്യമന്ത്രിയെ കണ്ട് നിവേദനം കൈമാറിയിരുന്നു. 2014 ജൂണിലാണു മൊസൂളിൽനിന്ന് ഇന്ത്യക്കാരെ ഐഎസ് തട്ടിക്കൊണ്ടുപോയത്.