ഇന്ത്യക്കാരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത വനിത ഫിലിപ്പീൻസിൽ പിടിയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യക്കാരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത വനിത ഫിലിപ്പീൻസിൽ പിടിയിൽ

ന്യൂഡൽഹി:  ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് ഇന്ത്യക്കാരായ യുവതീയുവാക്കളെ  റിക്രൂട്ട് ചെയ്ത വനിത ഫിലിപ്പീൻസിൽ പിടിയിൽ. കരേൻ ഐഷ ഹാമിഡൺ എന്ന വനിതയാണു പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും യുവാക്കളെ ആകർഷിക്കുകയുമായിരുന്നു കരേൻ ചെയ്തിരുന്നതെന്ന് ദേശീയ അന്വേഷണ ബ്യൂറോ (എൻബിഐ) അറിയിച്ചു.

ഫിലിപ്പീൻസിലെ ഭീകരനേതാവായ മുഹമ്മദ് ജാഫർ മക്വിഡിന്റെ വിധവയാണ് കരേൻ. 2016ൽ ആണ് രാജ്യാന്തര തലത്തിൽ കുപ്രസിദ്ധയായ കരേൻ, ഫെയ്സ്ബുക്, ടെലഗ്രാം, വാട്സാപ്പ് ഗ്രുപ്പുകൾ വഴി ‘വിദേശ പോരാളി’കളെ ഇന്ത്യയിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നുമായി റിക്രൂട്ട് ചെയ്യുന്നതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് വിവിധ രാജ്യങ്ങളിലെ ഏജൻസികൾ ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ നടത്തിവരികയായിരുന്നു.

കഴിഞ്ഞ വർഷം കരേന്റെ വിവരങ്ങൾ അന്വേഷിച്ച് എൻഐഎ ഫിലിപ്പീൻസ് സർക്കാരിനു കത്തയച്ചിരുന്നു. അവരുടെ ഡിയേഗോയിലുള്ള വിലാസവും ഫോൺ നമ്പറുകളും എൻഐഎയ്ക്ക് ഫിലിപ്പീൻസ് ലഭ്യമാക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദ്യം ചെയ്യുന്നതിനായി കരേനെ കസ്റ്റഡിയിൽ കിട്ടാൻ ഫിലിപ്പീൻസ് സർക്കാരിനെ സമീപിക്കാനിരിക്കുകയാണ് എൻഐഎ. 

ഇന്ത്യയിലെ ഐഎസ് പ്രചാരകരായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മാനേജർ മുഹമ്മദ് സിറാജുദ്ദീൻ, എൻജിനീയർ മുഹമ്മദ് നസീർ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഐഎസിലേക്ക് റിക്രൂട്ട് ചെയ്തത് കരേൻ ആയിരുന്നുവെന്നാണ് ഇവരുടെ മൊഴി. ഇസ്‍ലാം ക്യൂ ആൻഡ് എ, ഉമ്മ അഫയേർസ് എന്നീ ഓൺലൈൻ ഗ്രൂപ്പുകൾ കൈകാര്യം ചെയ്തിരുന്നത് കരേൻ ആയിരുന്നുവെന്ന് എൻഐഎ അറിയിച്ചു. മുംബൈ, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, ശ്രീനഗർ, കാൺപൂർ, സോപോർ, കൊൽക്കത്ത, ജയ്പൂർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് കരേനുമായി ബന്ധം പുലർത്തിയിരുന്നതെന്നും എൻഐഎ വ്യക്തമാക്കി.