ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ജലസത്യഗ്രഹവുമായി ഗ്രാമവാസികള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ജലസത്യഗ്രഹവുമായി ഗ്രാമവാസികള്‍

ലഖ്‌നൗ: പ്രളയബാധിത ഗ്രാമം സന്ദര്‍ശിക്കാത്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ജലസത്യഗ്രഹവുമായി ഗ്രാമവാസികള്‍. ലഖിംപുര്‍ ജില്ലയിലെ ഹട് വയ്ക്കു  സമീപം ഇരാട്ടെ ഗ്രാമവാസികളാണ് ജലസത്യഗ്രഹത്തിനിറങ്ങിയത്. ഘാഗ്ര നദിയില്‍ കഴുത്തൊപ്പം വെള്ളത്തില്‍നിന്നായിരുന്നു ഇവരുടെ പ്രതിഷേധം.

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സത്യഗ്രഹം ആരംഭിച്ചത്. അസാധാരണ സമരനടപടിയില്‍നിന്ന് ഗ്രാമവാസികളെ പിന്തിരിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടിയെന്ന് അധികൃതര്‍  അറിയിച്ചു. ഗ്രാമത്തിന് അടിയന്തരസഹായം എത്തിക്കുമെന്ന ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഗ്രാമീണര്‍ ജലസത്യഗ്രഹം അവസാനിപ്പിച്ചത്.

24 മണിക്കൂറിനകം അധികൃതര്‍ വാക്കുപാലിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിനിറങ്ങുമെന്നാണ് ഇവര്‍ പറയുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിങ് ബുധനാഴ്ച ഗ്രാമം സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം പരിപാടി റദ്ദാക്കുകയായിരുന്നു.

ഘാഗ്ര നദിയിലെ വെള്ളപ്പൊക്കം ഹട് വയെയും സമീപഗ്രാമങ്ങളെയും ദുരിതത്തിലാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചു.

കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ ഗോരഖ്പുര്‍, മഹരാജ്ഗഞ്ജ്, ലഖിംപുര്‍ തുടങ്ങിയ സ്ഥലങ്ങള്‍ കനത്തമഴയെ തുടര്‍ന്ന് ദുരിതത്തിലാണ്. പല സ്ഥലങ്ങളും വെള്ളത്തിനടിയിലാവുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിയും വന്നിട്ടുണ്ട്. മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും അടങ്ങിയ സംഘം പ്രളയബാധിത പ്രദേശങ്ങളില്‍ വെള്ളിയാഴ്ച വ്യോമനിരീക്ഷണം നടത്തിയിരുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 22 ജില്ലകളിലായി 2013 ഗ്രാമങ്ങളും 14 ലക്ഷം ആളുകളും  പ്രളയബാധിതരായിട്ടുണ്ട്. 1217 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.


LATEST NEWS