സ്വാതന്ത്ര്യദിനത്തിൽ നിശാനിയമത്തിൽ കൂടുതൽ ഇളവുവരുത്തി കശ്മീർ സർക്കാർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വാതന്ത്ര്യദിനത്തിൽ നിശാനിയമത്തിൽ കൂടുതൽ ഇളവുവരുത്തി കശ്മീർ സർക്കാർ

ന്യൂഡൽഹി: ജമ്മു കശ്മീരിൽ സ്വാതന്ത്ര്യദിന പരേഡിന്റെ ഡ്രസ് റിഹേഴ്സലുകൾ പൂർത്തിയായാൽ നിശാനിയമത്തിൽ കൂടുതൽ ഇളവു വരുത്തുമെന്ന് സർക്കാർ വ്യക്തമാക്കി. ബക്രീദ് ദിനം ശാന്തമായി കടന്നുപോയതിനാൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള ആലോചനയിലാണെന്ന് പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ പറഞ്ഞു.

ജമ്മു മേഖലയിൽ നിയന്ത്രണങ്ങൾ ഏറെയില്ല. എന്നാൽ താഴ്‍വരയിൽ നിയന്ത്രണങ്ങൾ ശക്തമാണ്. ഘട്ടംഘട്ടമായാണ് നിയന്ത്രണങ്ങളിൽ ഇളവു നൽകുകയെന്നും കൻസാൽ പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷം ഗംഭീരമായി നടത്താനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് ആശയവിനിമയത്തിനായി 300 പബ്ലിക് ഫോൺ ബൂത്തുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ ലഭ്യമല്ല. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഓഗസ്റ്റ് 5 മുതൽ വാർത്താവിനിമയ സംവിധാനങ്ങൾ പരിമിതപ്പെടുത്തിയിരുന്നു. കേബിൾ നെറ്റ്‍വർക്കിൽ വാർത്താ ചാനലുകളും ഇല്ലാതായി. വൈദ്യസഹായത്തിന് തടസ്സമുണ്ടായിട്ടില്ല. ജനങ്ങളെ ബന്ദികളാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അധികൃതർ പറയുന്നു.

ദിവസങ്ങളോളം ഹുറിയത് അടക്കമുളള സംഘടനകൾ ഹർത്താൽ നടത്താറുണ്ടായിരുന്നു. തുടർച്ചയായ അക്രമസംഭവങ്ങളും ഉണ്ടാകുമായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണ്. ദേശീയപാതയിൽ തടസ്സങ്ങളില്ല. വിമാന സർവീസും തുടരുന്നു. ജമ്മു കശ്മീരിൽ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള വാർത്താവിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കണമെന്നും മാധ്യമപ്രതിനിധികൾക്ക് സ്വതന്ത്ര സഞ്ചാരവും സുരക്ഷയും ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട് കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധ ഭസീൻ സുപ്രീം കോടതിയെ സമീപിച്ചു.


LATEST NEWS