ജെഡിയു രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്ന് ശരത് യാദവിനെ നീക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജെഡിയു രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്ന് ശരത് യാദവിനെ നീക്കി

ന്യൂഡൽഹി ∙  മുതിർന്ന നേതാവ് ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നും നീക്കി . നിതീഷ് കുമാറിന്റെ വിശ്വസ്തൻ ആർ.പി.പി. സിങ് ആണ് പുതിയ രാജ്യസഭാ കക്ഷിനേതാവ്. ഉപരാഷ്ട്രപതിയെ കണ്ടുവെന്നും ഇതുമായി ബന്ധപ്പെട്ട കത്ത് കൈമാറിയെന്നും ജെഡിയു ബിഹാർ പ്രസിഡന്റ് അറിയിച്ചു. പാർട്ടി വിരുദ്ധ നടപടികൾ തുടരുന്ന ഒരു വ്യക്തിക്കെതിരെ ഏകകണ്ഠമായാണ് നടപടിയെടുത്തെന്നും ജെഡിയു നേതൃത്വം അവകാശപ്പെട്ടു.നിതീഷ് കുമാറാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 

ജെഡിയു എൻഡിഎയുടെ ഭാഗമാകുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നീക്കം. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു പ്രസിഡന്റുമായ നിതീഷ് കുമാറിനെ എൻഡിഎ സഖ്യത്തിലേക്ക് കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ക്ഷണിച്ചിരുന്നു.‘ജെഡിയു പ്രസിഡന്റ് നിതീഷ് കുമാറുമായി എന്റെ വസതിയിൽ വച്ച് കൂടിക്കാഴ്ച നടത്തി. ജെഡിയുവിനെ എൻഡിഎയിലേക്ക് ഞാൻ ക്ഷണിച്ചു’– അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. ബിഹാറിൽ ബിജെപി–ജെഡിയു സഖ്യമാണ് ഭരണം നടത്തുന്നതെങ്കിലും ജെഡിയു എൻഡിഎയുടെ ഭാഗമല്ല. 

ബിഹാറില്‍ മഹാസഖ്യം വിട്ട് ബിജെപിയുമായി കൂട്ടുചേര്‍ന്ന നിതീഷിനെതിരെ ശരത് യാദവ് നേരത്തെ രംഗത്ത് വന്നിരുന്നു. നിതീഷിന്റെ തീരുമാനത്തില്‍ തനിക്കുള്ള അതൃപ്തി  തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. താന്‍ ഇപ്പോഴും വിശാല സഖ്യത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ അടുത്തിടെ നടന്ന ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി  ലംഘിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത ഛോട്ടുഭായ് വാസവയെ പിന്തുണച്ച് ശരത് യാദവ് രംഗത്തെത്തുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിനെ ശരത് യാദവ് അഭിനന്ദിക്കുകയും ചെയ്തു. ഇതും നിതീഷിനെ ചൊടിപ്പിച്ചു. വാസവയുടെ വോട്ടാണ് പട്ടേലിനെ ജയിപ്പിച്ചത്.

മഹാസഖ്യം തകർത്ത് ബിജെപിയെ കൂട്ടുപിടിച്ച് ജെഡിയു ബിഹാറിൽ ഭരണത്തിൽ എത്തിയതിനോട് മുതിർന്ന ജെഡിയു നേതാവ് ശരദ് യാദവിന് വലിയ എതിർപ്പാണുള്ളത്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഏതാനും ആഴ്ചകളായി തുടരുന്നുമുണ്ടായിരുന്നു. മഹാസഖ്യത്തിനാണ് ബിഹാറിലെ ജനങ്ങൾ വോട്ടു ചെയ്തതെന്നും താൻ ഇപ്പോഴും അതിൽ ഉറച്ചു നിൽക്കുന്നുവെന്നുമാണ് ശരദ് യാദവ് പറഞ്ഞ്. ശരദ് യാദവിന് സ്വന്തം വഴി തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു നിതീഷിന്റെ മറുപടി. ഇത്തരത്തിൽ ഇരു നേതാക്കളും തമ്മിലുള്ള ബന്ധം വഷളായതിനു പിന്നാലെയാണ് ശരത് യാദവിനെ സ്ഥാനത്തു നിന്നും നീക്കിയത്.

നിതീഷുമായി ഇടഞ്ഞ ശരത് യാദവ് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കത്തിലാണെന്ന് സൂചനകളുണ്ട്. അദ്ദേഹം നടത്തുന്ന ജന്‍ സംവാദ് യാത്ര ഇതിന്റെ മുന്നോടിയാണെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ ഒരു എംഎല്‍എയുടെ പിന്തുണപോലും അദ്ദേഹത്തിന് ഇല്ല എന്നാണ് വിവരം.


LATEST NEWS