മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനെ ചുട്ടുകൊന്നു ; മരണത്തിന് പിന്നിൽ പ്രദേശത്തെ  സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന് സൂചന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനെ ചുട്ടുകൊന്നു ; മരണത്തിന് പിന്നിൽ പ്രദേശത്തെ  സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന് സൂചന

മധ്യപ്രദേശിലെ സാഗര്‍ മേഖലയിൽ മാധ്യമപ്രവര്‍ത്തകനെ അക്രമികള്‍ തീ വെച്ചു കൊന്നതായി ആരോപണം. ഹിന്ദി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ ചക്രേഷ് ജെയിനാണ് കഴിഞ്ഞ ബുധനാഴ്ച ആക്രമിക്കപ്പെട്ടത്. രണ്ടു പേർ ചേർന്നാണ്  ചക്രേഷ് ജെയിനിനെ ആക്രമിച്ചതെന്നാണ് സഹോദരന്റെ ആരോപണം. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.

മരണത്തിന് പിന്നിൽ പ്രദേശത്തെ  സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അമന്‍ ചൗധരിയുടെ  ഇടപെടലുണ്ടെന്നും സഹോദരൻ പറയുന്നു.   അമന്‍ ചൗധരിയുമായി ചക്രേഷ് രണ്ടു വര്‍ഷം മുന്‍പ് നിയമ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്  പിന്നാലെ ചൗധരിയുടെ പരാതിയിന്‍മേല്‍ എസ്.സി/ എസ്.ടി അതിക്രമത്തിന് ചക്രേഷിന്റെ പേരില്‍ കേസെടുക്കുകയും ചെയ്തു. ആ കേസിന്റെ അവസാനവട്ട വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് സംഭവം. ഇതേ ചൗധരിയുടെ സാഗര്‍ ജില്ലയിലുള്ള  വീടിന് മുന്നിൽ വച്ചാണ് ചക്രേഷ് പൊള്ളലേറ്റ് മരിച്ചത്. മുപ്പത് ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്നു  ചക്രേഷ്.

എന്നാൽ ആരോപണം നിഷേധിച്ച ചൗധരി  പുലര്‍ച്ചെ 8 മണിയോടുകൂടി കേസിനെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ എന്ന വ്യാജേന എത്തിയ ചക്രേഷ് സ്വയം പെട്രോലൊഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് പ്രതികരിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അമിത് സങ്കി പറഞ്ഞു. കത്തിയ ചക്രേഷിനെ സഹോദരന്‍ കണ്ടെത്തുകയായിരുന്നെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു എന്നും സങ്കി പറയുന്നു.  ആശുപത്രിയില്‍ എത്തിക്കുന്നതു വരെ ചക്രേഷിന് ജീവന്‍ ഉണ്ടായിരുന്നെന്നും, അമന്‍ ചൗധരി ഉള്‍പ്പടെ രണ്ടുപേര്‍ ചേര്‍ന്നാണ് തന്നെ തീകൊളുത്തിയതെന്ന് ചക്രേഷ് പറഞ്ഞതായും ചക്രേഷിന്റെ സഹോദരന്‍ പറയുന്നു.

അതേസമയം സംഭവത്തിൽ സി ആര്‍ പി സി സെക്ഷന്‍ 174 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്തു നിന്നും സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇരുവിഭാഗങ്ങളുടെയും ആരോപണം അന്വേഷണ വിധേയമാക്കുമെന്നും പോലീസ് അറിയിച്ചു. ചക്രേഷിന്റെ മരണ മൊഴി എടുക്കാന്‍ കഴിഞ്ഞിട്ടില്ല.


LATEST NEWS