കര്‍ണിസേന വെറും എലികളെ പോലെയെന്ന് പ്രസ്താവന: രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ മൂക്കും ചെവിയും മുറിക്കുമെന്ന് കര്‍ണിസേനയുടെ ഭീഷണി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കര്‍ണിസേന വെറും എലികളെ പോലെയെന്ന് പ്രസ്താവന: രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ മൂക്കും ചെവിയും മുറിക്കുമെന്ന് കര്‍ണിസേനയുടെ ഭീഷണി

ജയ്പൂര്‍ : രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി കിരണ്‍ മഹേശ്വരിക്കെതിരെ ഭീഷണിയുമായി കര്‍ണിസേന.മൂക്കും ചെവിയും മുറിക്കുമെന്നാണ് ഭീഷണിഉയര്‍ത്തിയിരിക്കുന്നത്. കര്‍ണിസേന വെറും എലികള്‍ എന്ന മന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ്‌ കര്‍ണിസേന പ്രതികരണവുമായി രംഗത്ത് വന്നത്. വിഷയത്തില്‍ മന്ത്രി ഉടന്‍ മാപ്പ് പറയണമെന്നും കര്‍ണിസേന ആവശ്യപ്പെട്ടു. എന്നാല്‍ പ്രസ്താവനയില്‍ താന്‍ രജപുത് സമുദായത്തെയല്ല ഉദ്ദേശിച്ചത് എന്ന് മന്ത്രി വ്യക്തമാക്കി.തിങ്കളാഴ്ച നടന്ന മന്ത്രിസഭാ യോഗ വിശദീകരണ വാര്‍ത്താ സമ്മേളനത്തിനിടെയാണ് മന്ത്രി കര്‍ണിസേനയെ വിമര്‍ശിച്ച് പ്രസ്താവന നടത്തിയത്. 
വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിന് മുന്‍പായി ബി.ജെ.പി.ക്കെതിരെ വലിയ ക്യാമ്പെയിനുമായി സര്‍വ് രജ്പുത് സമാജ് സംഘര്‍ഷ് സമിതി രംഗത്തുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി മറുപടി നല്‍കിയത്. 'അവര്‍ മഴക്കാലത്തെ എലികളെപ്പോലെ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം പുറത്ത് വരുന്നവര്‍ ആണ്' എന്ന മന്ത്രിയുടെ പ്രസ്താവനയാണ് വിവാദമായത്.
 ഇത്തരം പ്രസ്തവനകള്‍ നടത്തുമ്പോള്‍ പദ്മാവത് സിനിമ വിവാദ കാലത്ത് ദീപിക പദുക്കോണിനുണ്ടായ അനുഭവം മന്ത്രി ഓര്‍ത്താല്‍ കൊള്ളാം എന്ന് കര്‍ണിസേന മുന്നറിയിപ്പ് നല്‍കി.' രാജസ്ഥാനില്‍ ബി.ജെ.പി അധികാരത്തില്‍ എത്താന്‍ കാരണം രജ്പുത് സമുദായം ആണ്. മന്ത്രി മഹേശ്വരി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചതും ഞങ്ങള്‍ കാരണമാണ്. ഏകദേശം 40000 വോട്ടര്‍മാരാണ് ഞങ്ങള്‍ക്ക് മന്ത്രിയുടെ മണ്ഡലത്തില്‍ മാത്രം ഉണ്ട്. മന്ത്രി ഉടന്‍ തന്നെ മാപ്പ് പറഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ വരുന്ന തിരഞ്ഞെടുപ്പില്‍ അതിനുള്ള പാഠം പഠിപ്പിക്കും'. കര്‍ണിസേന നേതാവ് മഹിപാല്‍ മക്രാണ വ്യക്തമാക്കി.