‘കാശ്മീരിൽ’ ഇന്ത്യക്ക് അമേരിക്കയുടെ പിന്തുണ; പാകിസ്ഥാൻ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘കാശ്മീരിൽ’ ഇന്ത്യക്ക് അമേരിക്കയുടെ പിന്തുണ; പാകിസ്ഥാൻ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്

കശ്മീർ ആഭ്യന്തര വിഷയമാണെന്ന ഇന്ത്യൻ നിലപാടിന് പിന്തുണയുമായി അമേരിക്ക. 370ാം അനുച്ഛേദം റദ്ദാക്കിയത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് ഇന്ത്യയാണെന്ന് അമേരിക്ക വ്യക്തമാക്കി. ഇതിനു പിന്നാലെ, ഇന്ത്യക്കെതിരെ പാകിസ്ഥാൻ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. നിയമ പോരാട്ടത്തിനൊരുങ്ങുകയാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി പാക് മാധ്യമമായ 'അറീ' ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ച ഇന്ത്യയുടെ തീരുമാനത്തിനെതിരെയാണ് പാകിസ്ഥാൻ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. എല്ലാ നിയമവശങ്ങളും പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നാണ് ഷാ മഹ്‍മൂദ് ഖുറേഷി വ്യക്തമാക്കുന്നത്. ഇന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിൽ ഫെഡറൽ ക്യാബിനറ്റ് യോഗം ചേർന്നു.

അതേസമയം, കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന കാര്യത്തിൽ പാകിസ്ഥാന് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന നിര്‍ദ്ദേശവും അമേരിക്ക മുന്നോട്ടു വച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെയാണ് കശ്മീര്‍ വിഷയം ചര്‍ച്ചയായത്. കശ്മീര്‍ മേഖലയിൽ ഭീകരവാദത്തെ ചെറുക്കാനും സമാധാനം നിലനിര്‍ത്താനും ഇന്ത്യൻ ശ്രമങ്ങൾക്ക് അമേരിക്ക നൽകുന്ന പിന്തുണയിൽ നന്ദി അറിയിച്ചപ്പോഴാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി കശ്മീര്‍ വിഷയത്തിലെ നിലപാട് തുറന്ന് പറഞ്ഞത്.  

അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാക്കിസ്ഥാൻ അവസാനിപ്പിക്കാതെ മേഖലയിൽ സമാധാനം ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് നേരത്തെ വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീർ വിഭജനത്തിനും, ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും ശേഷം ആദ്യമായാണ് ഇരുനേതാക്കളും തമ്മിൽ നേരിട്ട് സംസാരിക്കുന്നത്.