കെപിസിസി പട്ടിക:  സംസ്ഥാന ഘടകത്തിന്റെ നിലപാട് ധിക്കാരമെന്ന് ഹൈക്കമാന്‍ഡ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെപിസിസി പട്ടിക:  സംസ്ഥാന ഘടകത്തിന്റെ നിലപാട് ധിക്കാരമെന്ന് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: കെപിസിസി പുനഃസംഘടനാ വിഷയത്തിൽ എ, ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചയ്ക്കു തയാറായില്ലെങ്കില്‍ കെപിസിസി പട്ടിക അംഗീകരിക്കില്ലെന്ന് ഹൈക്കമാന്‍ഡ്. പട്ടികയില്‍ സമവായം വേണമെന്നും കെപിസിസിയെ ഒഴിവാക്കി തിരഞ്ഞെടുപ്പ് നടത്താന്‍ താത്പര്യമില്ലെന്ന്‍ ഹൈക്കമാന്‍ഡ് .

പാർട്ടി ഭരണഘടന 33% സംവരണം നിർദേശിക്കുന്നെങ്കിലും കെപിസിസി പട്ടികയിൽ 5% മാത്രമാണു വനിതാ പ്രാതിനിധ്യം. പാർലമെന്റിൽ 33% വനിതകൾ വേണമെന്നാണു പാർട്ടി നിലപാട്. പട്ടികയിൽ പട്ടികജാതി, വർഗ, യുവജന പ്രാതിനിധ്യവും കുറവാണ്. എംപിമാരുടെയും മുതിർന്ന നേതാക്കളുടെയും അതൃപ്തി പുറമേ. പ്രവർത്തകസമിതിയംഗം എ.കെ.ആന്റണി, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ പ്രശ്നപരിഹാരത്തിനു പലവട്ടം ചർച്ചകൾ നടത്തിയിരുന്നു.

 സംസ്ഥാന ഘടകത്തിന്റെ നിലപാട് ധിക്കാരപരമാണ്. കടുംപിടുത്തം തുടര്‍ന്നാല്‍ കേരളത്തെ ഒഴിവാക്കി എഐസിസി ചേരും.  സംവരണ തത്വങ്ങൾ പാലിക്കാത്ത പട്ടിക അതേപടി അംഗീകരിക്കില്ലെന്ന സൂചന കഴിഞ്ഞ ദിവസം തന്നെ ഹൈക്കമാൻഡ് നൽകിയിരുന്നു.

ഭാരവാഹിപട്ടികയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചു. എതിര്‍പ്പ് തിരഞ്ഞെടുപ്പ് സമിതിയെരാഹുല്‍ ഗാന്ധി അറിയിച്ചതായാണ് വിവരം. പട്ടിക തയ്യാറാക്കാനായി എംപിമാരുടെ നിര്‍ദ്ദേശങ്ങളും പരിഗണിക്കണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചു.

സമുദായ സംവരണം പാലിക്കണമെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം മുകുള്‍ വാസ്‌നിക്കുമായി ചര്‍ച്ചചെയ്ത് തീരുമാനം എടുക്കണമെന്നും രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് സമിതിയെ അറിയിച്ചു.

ഭാരവാഹി പട്ടികയുടെ  തുടക്കം മുതല്‍ തന്നെ കെപിസിസിയില്‍ കല്ലുകടി തുടങ്ങിയിരുന്നു. പട്ടികയില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാധാന്യമുണ്ടായിരിക്കണമെന്നും എംപിമാരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കണമെന്നും ഹൈക്കമാന്‍ഡ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.