ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തില്‍ മലയാളി യുവതിയെ കാണാതായെന്ന് സൂചന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തില്‍ മലയാളി യുവതിയെ കാണാതായെന്ന് സൂചന

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തില്‍ മലയാളി യുവതിയെ കാണാതായെന്ന് റിപ്പോര്‍ട്ട്. കൊടുങ്ങല്ലൂര്‍ കരിപ്പാങ്കുളം സ്വദേശി അന്‍സിയെ കാണാനില്ലെന്ന് റെഡ്‌ക്രോസ് അറിയിച്ചു. ഭീകരാക്രമണം നടക്കുമ്പോള്‍ ഇവര്‍ പള്ളിയിലുണ്ടായിരുന്നതായാണ് സൂചന.അന്‍സി കരിപ്പാകുളം അലിബാവ (25) എന്ന മലയാളി യുവതിയെയാണ് കാണാതായത്. റെഡ്‌ക്രോസ് നല്‍കിയ കാണാതായവരുടെ പട്ടികയിലാണ് ഇവരുടെ പേരുള്ളത്.

വെടിവെപ്പില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. കൂടാതെ എട്ട് ഇന്ത്യക്കാരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

ക്രൈസ്റ്റ്ചർച്ചിലെ ഹെഗ് ലി പാർക്കിന് സമീപത്തെ അൽ നൂർ മോസ്കിലും സൗത്ത് ഐലൻഡ് സിറ്റിയിലെ പള്ളിയിലുമാണ് വെടിവെയ്പ്പ് നടന്നത്. 49 പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. വംശീയ വിദ്വേഷമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചക്ക് 1.40ന് ഹെഗ് ലി പാർക്കിന് സമീപത്തെ പള്ളിയിൽ കറുത്ത വസ്ത്രവും ഹെൽമറ്റും ധരിച്ചെത്തിയ അക്രമി മെഷീൻ ഗൺ ഉപയോഗിച്ച് വെടിവെപ്പ് നടത്തുകയായിരുന്നു. സംഭവ സമയം 16 വയസ് മുതൽ പ്രായമുള്ള അമ്പതോളം പേർ പള്ളിക്കുള്ളിൽ പ്രാർഥനയിലായിരുന്നു. രാജ്യത്തിന്‍റെ ഇരുണ്ട ദിനമാണിതെന്നും ഭീകരാക്രമണമാണ് നടന്നതെന്നും പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണ്‍ പ്രതികരിച്ചു.