കഞ്ചിക്കോട് കോച്ച്ഫാക്ടറി മരവിപ്പിച്ച നടപടി: ഡൽഹിയിൽ  എല്‍ഡിഎഫ് എംപിമാരുടെ  പ്രതിഷേധധര്‍ണ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കഞ്ചിക്കോട് കോച്ച്ഫാക്ടറി മരവിപ്പിച്ച നടപടി: ഡൽഹിയിൽ  എല്‍ഡിഎഫ് എംപിമാരുടെ  പ്രതിഷേധധര്‍ണ

ന്യൂഡല്‍ഹി: പാലക്കാട് കഞ്ചിക്കോട് കോച്ച്ഫാക്ടറി മരവിപ്പിച്ച നടപടിയില്‍ റെയില്‍ഭവനു മുമ്പില്‍ എല്‍ഡിഎഫ് എംപിമാരുടെ  പ്രതിഷേധധര്‍ണ. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് ധർണ  ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.  കേട്ടുകേള്‍വിയില്ലാത്ത വിവേചനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

രാജ്യത്ത് ആവശ്യത്തിന് റെയില്‍ കോച്ച് ഫാക്ടറികളുണ്ട്. അതുകൊണ്ട് കഞ്ചിക്കോട്ട് പുതിയ ഫാക്ടറി അനുവദിക്കാനാവില്ലെന്നാണ് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ പാലക്കാട് എംപി എം.ബി.രാജേഷിന് കത്തയച്ചത്. ഇതേത്തുടര്‍ന്നാണ് കോച്ച് ഫാക്ടറി മരവിപ്പിച്ച നടപടിക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധിക്കുന്നത്.
36 വര്‍ഷത്തെ വാഗ്ദത്ത ലംഘനത്തിന്റെ ഭാഗമാണ് കഞ്ചിക്കോട് ഫാക്ടറിയെന്ന് പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് പിണറായി വിജയന്‍ പറഞ്ഞു. മാറിമാറി വന്ന കേന്ദ്രസര്‍ക്കാരുകള്‍ കേരളത്തെ കബളിപ്പിക്കുകയായിരുന്നു. ഇടതുപിന്തുണയോടെ യുപിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോഴാണ് സ്ഥിതിക്ക് മാറ്റം വന്നതും കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് അനുമതിയായതും. എന്നാല്‍, തുടര്‍നടപടികളൊന്നും ഉണ്ടായില്ല.

സെയിലിന്റെ ഓഹരിപങ്കാളിത്തത്തോടെയാണ് പിന്നീട് പദ്ധതി പുനരുജ്ജീവിപ്പിച്ചത്. റെയില്‍വേ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് കത്ത് നല്കിയെങ്കിലും അനുകൂല സമീപനം ഉണ്ടായില്ല. പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ നിന്ന് പൊതു-സ്വകാര്യ മേഖലാ പങ്കാളിത്ത പദ്ധതി എന്ന സ്ഥിതി വന്നു. എന്നിട്ടും കഞ്ചിക്കോടിന്റെ കാര്യത്തില്‍ അനുകൂലനടപടി സ്വീകരിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കോച്ചുകള്‍ കേരളത്തിന് ആവശ്യമുണ്ട്. അക്കാര്യം കേന്ദ്രം അവഗണിക്കുകയാണെന്നും ഹരിയാനയില്‍ കോച്ച് ഫാക്ടറി ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും പിണറായി ആരോപിച്ചു. കേരളം ഭരിക്കുന്നത് ഇടതുസര്‍ക്കാരായതുകൊണ്ടാണ് ബിജെപിയുടെ പ്രതികൂല നിലപാടെന്നും പിണറായി കുറ്റപ്പെടുത്തി.


LATEST NEWS