ഇന്ത്യ‌യ്‌ക്ക് വേണ്ടി എഫ്-16 പോർവിമാനങ്ങൾ നിർമ്മിക്കുന്നത് ലോക്ഹീഡ് മാർട്ടിനും ടാറ്റയും ചേർന്ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യ‌യ്‌ക്ക് വേണ്ടി എഫ്-16 പോർവിമാനങ്ങൾ നിർമ്മിക്കുന്നത് ലോക്ഹീഡ് മാർട്ടിനും ടാറ്റയും ചേർന്ന്

ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയ്‌ക്ക് കൂടുതൽ കരുത്തേകാൻ അമേരിക്കയുടെ എഫ്-16 പോർവിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ തീരുമാനമായി. അമേരിക്കയുടെ ആഗോള യുദ്ധവിമാന നിർമ്മാണ കമ്പനിയായ 'ലോക്ഹീഡ് മാർട്ടിനും' ഇന്ത്യയുടെ 'ടാറ്റ അഡ്വാൻസ്ഡ് സിസ്‌റ്റവും' ചേർന്നാണ് എഫ്-16 പോർവിമാനങ്ങൾ നിർമ്മിക്കുക. ഇന്ത്യൻ വ്യോമസേനയുടെ നിർദ്ദേശാനുസരണം ഇരു കമ്പനികളും ഇത് സംബന്ധിച്ച് കരാർ ഒപ്പിട്ടു കഴിഞ്ഞു.

ഫ്രാൻസിൽ നടക്കുന്ന 'പാരിസ് എയർഷോ'യിൽ വച്ചാണ് കരാർ ഒപ്പിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയിൽ തന്നെയാണ് എഫ്-16 വിമാനങ്ങൾ നിർമ്മിക്കുന്നത്. നിർമ്മാണ രംഗത്ത് ഇന്ത്യയിൽ അനവധി തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുന്ന പദ്ധതിയാണിതെന്നും മാത്രമല്ല നിർമ്മാണം പൂർത്തിയാകുമ്പോൾ യുദ്ധവിമാനങ്ങളുടെ കയറ്റുമതി രംഗത്തും നിരവധി അവസരങ്ങളാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്നും ലോക്ഹീഡ് - ടാറ്റ വ‌ൃത്തങ്ങൾ അറിയിച്ചു.

യുദ്ധവിമാനങ്ങളുടെ നിർമ്മാണ രംഗത്ത് ലോകത്തിലെ തന്നെ ഒന്നാം നിരയിൽ നിൽക്കുന്ന കമ്പനിയാണ് ലോക്ഹീഡ് മാർട്ടിൻ. ലോകത്തിലെ 26 രാജ്യങ്ങളിലായി 3200ഓളം എഫ്-16 പോർവിമാനങ്ങളാണ് ലോക്ഹീഡ് മാർട്ടിന്റെ നേതൃത്വത്തിൽ പറക്കുന്നത്. എഫ്-16 പോർവിമാനങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പുത്തൻ വിഭാഗമായ 'ബ്ളോക്ക് 70' വിമാനങ്ങളാണ് ടാറ്റയുടെ പങ്കാളിത്തത്തോടെ ലോക്ഹീഡ് മാർട്ടിൻ ഇന്ത്യയിൽ നിർമ്മിക്കാൻ പോകുന്നത്. നിലവിൽ ഇന്ത്യൻ വ്യോമസേനയ്‌ക്കായി ടാറ്റ, വിമാന ഭാഗങ്ങൾ നിർമ്മിക്കുന്നുണ്ട്. കാലപ്പഴക്കം വന്ന റഷ്യൻ നിർമ്മിത സുഖോയ് വിമാനങ്ങൾക്ക് ബദലായാണ് എഫ്-16 നിർമ്മിക്കാൻ ഇന്ത്യ തീരുമാനിച്ചത്.
     


LATEST NEWS