ലവ് ജിഹാദ്  ആരോപണം; ആക്രമണം അഴിച്ചുവിട്ട് ബിജെപിയും സംഘപരിവാറും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലവ് ജിഹാദ്  ആരോപണം; ആക്രമണം അഴിച്ചുവിട്ട് ബിജെപിയും സംഘപരിവാറും

ഗാസിയാബാദ്: മുസ്ലീം യുവാവും ഹിന്ദു യുവതിയും വിവാഹിതരായതിന്റെ പേരില്‍ ഗാസിയാബാദില്‍ ആക്രമണം അഴിച്ചുവിട്ട് ബിജെപിയും സംഘപരിവാര്‍ സംഘടനകളും. 33കാരനായ മന്‍സൂര്‍ ഹര്‍ഹത് ഖാനും 28കാരിയായ നുപുര്‍ സിംഗാളും പ്രത്യേക വിവാഹനിയമ പ്രകാരം മതാചാരങ്ങളില്ലാതെ കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്.
ഇന്നലെ വധുവിന്റെ വീട്ടില്‍ വിവാഹ സല്‍ക്കാരം നടക്കുന്നതിനിടെയാണ് ബിജെപി ഗാസിയാബാദ് പ്രസിഡന്റ് അജയ് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘം വീടിന് മുന്നിലെത്തി സംഘര്‍ഷമുണ്ടാക്കിയത്. തുടര്‍ന്ന്  ശിവസേനാ നേതാക്കളുള്‍പ്പെടെയുള്ള നൂറോളം പേര്‍ സംഘടിച്ചെത്തി. വാഹന ഗതാഗതവും തടസപ്പെടുത്തി.

 അവസാനം വീട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ പൊലീസ് സ്ഥലത്തെത്തി ഇവരെ ബലംപ്രയോഗിച്ച്‌ നീക്കുകയായിരുന്നു.
നൂറോളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഐ.പി.സി 147 (കലാപമുണ്ടാക്കല്‍), 148 (മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ കലാപമുണ്ടാക്കല്‍), 336 (ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തല്‍), 341 (അന്യായമായി തടങ്കലില്‍ വെയ്ക്കല്‍), 427 (ഉപദ്രവിക്കല്‍), 353 (സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരെ ജോലി ചെയ്യുന്നതില്‍ നിന്ന് തടയുക) തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.