പൗരത്വ നിയമ ഭേദഗതി ബില്‍ ബംഗാളില്‍ നടപ്പാക്കില്ല; മെഗാ റാലിക്ക് ആഹ്വാനം ചെയ്ത് മമത

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൗരത്വ നിയമ ഭേദഗതി ബില്‍ ബംഗാളില്‍ നടപ്പാക്കില്ല; മെഗാ റാലിക്ക് ആഹ്വാനം ചെയ്ത് മമത

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി ബില്ലിനെതിരെ കൊല്‍ക്കത്തയില്‍ മെഗാ റാലിക്ക് ആഹ്വാനം ചെയ്ത് വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഏത് സാഹചര്യത്തിലും പൗരത്വ ഭേദഗതി ബില്‍ പശ്ചിമ ബംഗാളില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നും മമത ബാനര്‍ജി.
 
ദേശീയ പൗരത്വ രജിസ്റ്റും, പൗരത്വ നിയമ ഭേദഗതിയും ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. പാര്‍ലമെന്റ് പാസാക്കിയെങ്കില്‍ പോലും അത് ഈ സംസ്ഥാനത്ത് നടപ്പാവില്ലെന്ന് മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങള്‍ക്ക് മേല്‍ നിയമം അടിച്ചേല്‍പ്പിക്കുകയാണെന്നും മമത ബാനര്‍ജി ആരോപിച്ചു.

പൗരത്വ ഭേദഗതി ബില്‍ രാജ്യത്തെ വിഭജിക്കുന്നതാണെന്നും തങ്ങള്‍ ഭരണത്തിലിരിക്കുന്ന കാലത്തോളം സംസ്ഥാനത്തെ ഒരൊറ്റ മനുഷ്യനും രാജ്യം വിട്ടുപോകില്ലെന്നും മമത കൂട്ടിചേര്‍ത്തു. 

വിവാദപൂര്‍ണമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളുടെ പരമ്പര സംഘടിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നു. മെഗാ റാലി തിങ്കളാഴ്ച്ച അംബേദ്ക്കര്‍ പ്രതിമക്കടുത്ത് നിന്ന് തുടങ്ങുമെന്നും മമത റാലിയില്‍ പങ്കെടുക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ചു.

ബില്‍ പാര്‍ലമെന്റില്‍ പാസായ സമയത്തും മമത ബില്ലിനെതിരെ നിലപാടെടുത്തിരുന്നു. യാതൊന്നും സംഭവിക്കില്ലെന്നും താനുള്ളപ്പോള്‍ ബംഗാള്‍ ജനതയെ ആര്‍ക്കും തൊടാനാവില്ലെന്നും മമത അന്ന് പറഞ്ഞിരുന്നു. ബംഗാളിനെ കൂടാതെ പഞ്ചാബും കേരളവും ഈ ബില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.


LATEST NEWS