ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ ഭേദഗതി ബില്ലിനെതിരെയുമുള്ള പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി മാറും: മമത ബാനർജി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ ഭേദഗതി ബില്ലിനെതിരെയുമുള്ള പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി മാറും: മമത ബാനർജി

 കൊൽക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ ഭേദഗതി ബില്ലിനെതിരെയുമുള്ള പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി മാറുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ മായോ റോഡിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച ഐക്യദാർഢ്യ ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.  

 ഈ മുന്നേറ്റം രാജ്യത്തെ രണ്ടാം സ്വാതന്ത്ര്യ സമരത്തിലേക്ക് നയിക്കും. നമ്മൾ എന്തായാലും പോരാടും, എല്ലാം അവസാനിപ്പിക്കാനുള്ളതാണ് ഈ പോരാട്ടം. എല്ലായ്പ്പോയും നമ്മൾ വഴികാണിച്ചുനൽകി. ഇനിയും അത് ചെയ്യണം. മുന്നിൽനിന്ന് നയിക്കണം- മമത പറഞ്ഞു.  ഭരണഘടനയ്ക്ക് എതിരാകാതെ എല്ലാ വിഭാഗത്തിലുള്ളവർക്കും പൗരത്വം നൽകുകയാണെങ്കിൽ ഞങ്ങൾ അത് അംഗീകരിക്കും. പക്ഷേ, നിങ്ങൾ മതത്തിന്റെയും മറ്റുള്ളതിന്റെയും പേരിൽ ജനങ്ങളെ വേർതിരിക്കുകയാണെങ്കിൽ ഞങ്ങൾ അവസാനം വരെ അതിനെ എതിർക്കും- മമത വ്യക്തമാക്കി.  

 പൗരത്വ ഭേദഗതി ബില്ലിന്മേൽ ചർച്ചകളുണ്ടാക്കി സാമ്പത്തിക തകർച്ച ഉൾപ്പെടെയുള്ള രാജ്യത്തെ യഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും മമത ബാനർജി ആരോപിച്ചു.  രാജ്യം ഒരു ശരീരമാണെങ്കിൽ അതിന്റെ കഴുത്തറക്കുന്ന നടപടിയാണ് പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലുമെന്നും അവർ പറഞ്ഞു. ഇന്ത്യയെ പോലൊരു മതേതര രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിലല്ല പൗരത്വം നൽകേണ്ടതെന്നും മമത തുറന്നടിച്ചു.