നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ല; രാജ്യത്തിന്‍റെ സാമ്പത്തികരംഗത്തെ മോദി സര്‍ക്കാര്‍ താറുമാറാക്കി; മന്‍മോഹന്‍ സിംഗ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ല; രാജ്യത്തിന്‍റെ സാമ്പത്തികരംഗത്തെ മോദി സര്‍ക്കാര്‍ താറുമാറാക്കി; മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തികരംഗം മോദി സര്‍ക്കാര്‍ താറുമാറാക്കിയെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്.  മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട നിരോധനവും ജിഎസ്ടിയും സാമ്പത്തികരംഗത്തെ തകര്‍ത്തിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 84-ാമത് എഐസിസി പ്ലീനറി സമ്മേളനത്തിന്റെ സമാപനദിനത്തില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിംഗ്.

2014 ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ അവയൊന്നും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ പോലും സൃഷ്ടിച്ചില്ല- മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തി.

ജമ്മുകശ്മീര്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്തവിധം കശ്മീര്‍ പ്രശ്നം വഷളാക്കിയിരിക്കുകയാണ്. കശ്മീര്‍ വിഷയം അവധാനതയോടെ കൈകാര്യം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ല. കശ്മീരിലെ സ്ഥിതിഗതികള്‍ ഓരോ ദിവസവും വഷളാവുകയാണ്. ഇന്ത്യന്‍ അതിര്‍ത്തികള്‍ സുരക്ഷിതമല്ലാതാവുകയാണ്. അകത്തുനിന്നും പുറത്തുനിന്നും രാജ്യം ഭീഷണി നേരിടുകയാണെന്നും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.