വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
ന്യൂഡൽഹി: തികച്ചും ഭരണഘടനാവിരുദ്ധമായാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന് പ്രിയങ്ക ഗാന്ധി. ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ചായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നീക്കമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇത്തരത്തിലുള്ള ഭേദഗതി വരുത്തുമ്പോള്‍ പിന്തുടരേണ്ട ചട്ടങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 ന്റെ കാര്യത്തില്‍ ഉണ്ടായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
ജനാധിപത്യത്തിനായും ഭരണഘടനയ്ക്ക് വേണ്ടിയുമാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്. വിഷയത്തിലെ പ്രിയങ്ക ഗാന്ധിയുടെ ആദ്യത്തെ പ്രതികരണമാണ് പുറത്തുവന്നിരിക്കുന്നത്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം പുറത്ത് വരുന്നത്. വിഷയത്തില്‍ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് രാജ്യസഭയിലെ ചീഫ് വിപ്പ് രാജി വച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പമുണ്ടായിരുന്ന ജോതിരാദിത്യ സിന്ധ്യ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ പിന്തുണച്ചിരുന്നു.