യുപിയിൽ 63 കുട്ടികള്‍ മരിച്ച സംഭവം : മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുപിയിൽ 63 കുട്ടികള്‍ മരിച്ച സംഭവം : മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡില്‍

ഗോരഖ്പൂര്‍: ഓക്‌സിജന്‍ ലഭിക്കാതെ 63 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ്  മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡില്‍. യു.പി മെഡിക്കല്‍ വിഭ്യാഭ്യസ മന്ത്രി അശുതോഷ് ടണ്ടന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.ജീവശ്വാസം കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങൾ കൂട്ടത്തോടെ ആശുപത്രിയിൽ മരിച്ചത് വ്യക്തിപരമായി മുഖ്യമന്ത്രി യോഗിക്കും കനത്ത തിരിച്ചടിയായി.ഓക്സിജൻ വിതരണം നിർത്തിയതോടെയാണു 48 മണിക്കൂറിനിടെ കുട്ടികളുടെ മരണം സംഭവിച്ചത്.

ഗുരുതരമായ അലംഭാവം പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ സാഹചര്യത്തിലാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതത അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം ഉത്തരവാദികള്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍  ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെ അറിയിച്ചതിന് പിന്നാലെയാണിത്.

അതിനിടെ ഓക്‌സിജന്‍ തടസപ്പെട്ടതുകൊണ്ടാണ് കുട്ടികള്‍ മരിച്ചതെന്ന് വ്യക്തമായിട്ടില്ലെന്ന് യു.പി ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു. ഓക്‌സിജന്‍ വിതരണം തടസപ്പെട്ടകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. 

സംഭവത്തിന്റെ പേരില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആരോഗ്യമന്ത്രിയും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയും രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. യോഗി ആദിത്യനാഥ് ജനങ്ങളോട് മാപ്പുപറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

മസ്തിഷ്കത്തിലെ അണുബാധ ചികിൽസയ്ക്ക് ഉത്തർപ്രദേശിലെ പേരുകേട്ട ആശുപത്രിയാണ് ഗോരഖ്പുരിലെ  ബാബാ രാഘവ്ദാസ്  മെഡിക്കൽ കോളേജ്. ഗോരഖ്പുർ മണ്ഡലത്തിലെ പ്രധാന സർക്കാർ ആശുപത്രിയുമാണിത്. കുഞ്ഞുങ്ങൾ ഉൾപ്പടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ പേരാണ് ബിആര്‍ഡിയിൽ ചികിത്സ തേടിയെത്തുന്നത്. ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ രണ്ടുദിവസം മുൻപ് യോഗി ആദിത്യനാഥ് മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തിയിരുന്നു. ഓക്സിജൻ സിലിണ്ടർ ദൗർലഭ്യം അദ്ദേഹത്തെ ആശുപത്രി അധികൃതർ ധരിപ്പിച്ചതായാണ് റിപ്പോർട്ട്. അതുകൊണ്ടു തന്നെ സർക്കാരിന്റെ അനാസ്ഥായായാണ് ഈ മഹാദുരന്തത്തിന് കാരണമെന്ന പ്രതിപക്ഷ സ്വരത്തിന് ശക്തി വർധിക്കുന്നു.


LATEST NEWS