മെര്‍സലിനെതിരെ  വര്‍ഗീയത  പരാമര്‍ശവുമായി  ബിജെപി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

  മെര്‍സലിനെതിരെ  വര്‍ഗീയത  പരാമര്‍ശവുമായി  ബിജെപി

ചെന്നൈ: നടന്‍ വിജയ്‌ക്കെതിരെ വര്‍ഗീയത  പരാമര്‍ശവുമായി  ബിജെപി . വിജയുടെ പുതിയ ചിത്രം മെര്‍സലിന്റെ റിലീസിനോടനുബന്ധിച്ച വിവാദങ്ങളുടെ തുടര്‍ച്ചയായാണ് വിജയ് യുടെ മതപരമായി അസ്തിത്വം ഉയര്‍ത്തിക്കാട്ടി ബിജെപിയുടെ തമിഴ്‌നാട് നേതാവ് എച്ച്. രാജ രംഗത്തെത്തിയിരിക്കുന്നത്.

നടന്‍ വിജയ് ക്രിസ്ത്യാനിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയത്. ജോസഫ് വിജയ് എന്ന പേരുപയോഗിച്ച് അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം സിനിമയ്‌ക്കെതിരെ ട്വീറ്റ് ചെയ്തത്. സിനിമയുടെ നിര്‍മാതാവ് ഹേമ രുക്മാനിയും ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്നും അത് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അത് വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് സിനിമയിലുള്ള സംഭാഷണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.മോദി സര്‍ക്കാരിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതിനു പിന്നില്‍ വിജയുടെ മതവിശ്വാസത്തിനും പങ്കുണ്ടെന്ന് രാജ പ്രതികരിച്ചു. ക്ഷേത്രങ്ങള്‍ക്കു പകരം ആശുപത്രികള്‍ നിര്‍മിക്കണമെന്ന സിനിമയിലെ സംഭാഷണം പള്ളികളെക്കുറിച്ച് അദ്ദേഹം പറയുമോ എന്നും രാജ ചോദിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെയും മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതാണ് ബിജെപിയെ ചൊടിപ്പിച്ചത്. ചിത്രത്തില്‍ നിന്ന് ഈ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് തമിഴ്നാട്  ബി.ജെ.പി നേതൃത്വം സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.

ചിത്രത്തിന്റെ തുടക്കത്തില്‍ വടിവേലുവിന്റെ വിദേശത്തുള്ള കഥാപാത്രത്തെ പോക്കറ്റടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അപ്പോള്‍ വടിവേലു തന്റെ കാലിയായ പെഴ്സ് തുറന്നു കാട്ടി ഡിജിറ്റല്‍ ഇന്ത്യയ്ക്കു നന്ദി പറയുന്നതാണ് തിയേറ്ററില്‍ വലിയ കൈയടിക്ക് വഴിവച്ച ഒരു രംഗം.

രണ്ടാമത്തേത് നായകന്‍ വിജയുടെ കഥാപാത്രം ഇന്ത്യയിലെയും സിംഗപ്പൂരിലെയും നികുതി ഘടനയെ താരതമ്യം ചെയ്യുന്നതാണ്. സിംഗപ്പൂരില്‍ ഏഴ് ശതമാനം മാത്രമാണ് ജി. എസ്.ടിയെന്നും എന്നിട്ടും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും എന്നാല്‍, 28 ശതമാനം ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയില്‍ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യസഹായം ലഭിക്കുന്നില്ലെന്നുമുള്ള സംഭാഷണമാണിത്.

ചിത്രം റിലീസ് ആയപ്പോള്‍ മുതല്‍ ഈ രംഗങ്ങളുടെ പേരില്‍ ബിജെപി ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. വിജയ്ക്ക് രാഷ്ട്രീയ താല്‍പര്യങ്ങളുള്ളതിന്റെ തെളിവാണിതെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള രംഗങ്ങള്‍ മെര്‍സലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദര്‍രാജന്‍ ആരോപിച്ചു. ബിജെപിയുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ചിത്രത്തിലെ പ്രസ്തുത ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്ന് നിര്‍മാതാവ് ഉറപ്പുകൊടുത്തിരുന്നു.

അതേസമയം, ചിത്രത്തിലെ  രംഗങ്ങള്‍ ഒഴിവാക്കരുതെന്നും നിരവധി കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നു. ബിജെപിയുടെ ആവശ്യം അംഗീകരിക്കരുതെന്ന് കബാലി സംവിധായകന്‍ പാ രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. ഒരു കാരണവശാലും മെര്‍സലിലെ രംഗങ്ങള്‍ നീക്കം ചെയ്യരുത്. ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് സിനിമയില്‍ പ്രതിഫലിക്കുന്നത്. അതില്‍ വിഷമിച്ചിട്ടു കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അറ്റ്‌ലി സംവിധാനം ചെയ്ത മെര്‍സല്‍ ദീപാവലി ദിനത്തിലാണ് തിയേറ്ററുകളിലെത്തിയത്.


LATEST NEWS