മീ ടൂ ക്യാമ്പയ്‌നിലുടെ ലൈംഗികാരോപണം; എം.ജെ.അക്ബറിന്‍റെ മന്ത്രിസ്ഥാനം തെറിച്ചേക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മീ ടൂ ക്യാമ്പയ്‌നിലുടെ ലൈംഗികാരോപണം; എം.ജെ.അക്ബറിന്‍റെ മന്ത്രിസ്ഥാനം തെറിച്ചേക്കും

ന്യൂഡൽഹി: മീ ടൂ കാന്പയിനിലൂടെ ലൈംഗികാരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിന്‍റെ മന്ത്രിസ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോർട്ട്. അക്ബറിനെതിരേ അഞ്ച് പേർ ഇതിനോടകം ആരോപണം ഉന്നയിച്ചു കഴിഞ്ഞ സാഹചര്യത്തിൽ അദ്ദേഹം മന്ത്രിസ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് ബിജെപി കേന്ദ്ര നേതൃത്വവും നിലപാടെടുത്തു.
 

വിദേശ പര്യടനത്തിലായിരുന്ന അക്ബറിനോട് ഇന്ന് തന്നെ ഡൽഹിയിൽ എത്താൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അക്ബർ എത്തിയ ശേഷം രാജിപ്രഖ്യാപനം നടത്താൻ ബിജെപി ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്.
 

മുതിർന്ന മാധ്യമപ്രവർത്തൻ കൂടിയായ അക്ബറിന്‍റെ സഹപ്രവർത്തകരായിരുന്നവരാണ് മി ടു കാന്പയിൻ വഴി ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്. ആരോപണങ്ങൾ ഒന്നൊന്നായി വന്നിട്ടും അദ്ദേഹം പ്രതികരണം ഒന്നും നടത്തിയിരുന്നില്ല. ആരോപണത്തിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ശക്തമായി രംഗത്തുവന്നതും കേന്ദ്രത്തെയും ബിജെപിയെയും സമ്മർദ്ദത്തിലാക്കി.
 

2014 പൊതു തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് എം.ജെ.അക്ബർ രാഷ്ട്രീയ പ്രവേശനം നടത്തിയത്. ബിജെപി അംഗമായതിന് പിന്നാലെ രാജ്യസഭാ എംപി സ്ഥാനവും ലഭിച്ചു. 2016-ലാണ് അദ്ദേഹം വിദേശകാര്യ സഹമന്ത്രിയായത്.