ശരദ് പവാറിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശരദ് പവാറിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

മുംബൈ: എൻ.സി.പി തലവൻ ശരദ് പവാറിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹാരാർപ്പണം നടത്തുമ്പോൾ പ്രവർത്തകനെ ഫോട്ടോ ഫ്രെയിമിൽ നിന്ന് തള്ളിമാറ്റുന്നതായുള്ള വീഡിയോ പരാമർശിച്ചാണ് പ്രധാമന്ത്രി ശരദ് പവാറിനെ പരിഹസിച്ചത്. പവാറിന്റെ പേരെടുത്ത് പറയാതെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശം. 

ഒരു നേതാവ് സ്വന്തം പ്രവർത്തകനോട് ദേഷ്യപ്പെടുന്നതും കൈകൊണ്ട് ഇടിക്കുന്നതും കണ്ട് താൻ ഞെട്ടിയെന്ന് പറഞ്ഞായിരുന്നു പരിഹാസം. '' ടി.വിയിലും പത്രങ്ങളിലുമൊക്കെ വർഷങ്ങളായി പ്രത്യക്ഷപ്പെടുന്ന ഒരു പ്രമുഖ നേതാവ് ഒരാളോട് ദേഷ്യപ്പെട്ട് തന്റെ കൈമുട്ടുകൊണ്ട് ഇടിക്കുന്നത് കണ്ടു. ആ മനുഷ്യൻ സ്റ്റേജിൽ നേതാവിന്റെ അരികിൽ നിൽക്കുകയായിരുന്നു, നേതാവിന് മാലയിട്ടപ്പോൾ അയാളും ആ മാലയിൽ തല വെയ്ക്കാൻ ശ്രമിച്ചു. നേതാവുമൊത്തുള്ള ഫോട്ടോയുടെ ഭാഗമാവാനുള്ള ശ്രമമായിരുന്നു അയാളുടേത്''- മഹാരാഷ്ട്രയിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ മോദി പറഞ്ഞു.  
 
മഹാരാഷ്ട്രയെ മുന്നോട്ട് നയിക്കാനുള്ള അവസരം ഞങ്ങൾക്ക് ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്. സ്ത്രീകൾ പുരോഗതിയിലേക്ക് കുതിക്കുന്നത് കാണുന്നത് ഏറെ സംതൃപ്തി നൽകുന്നു. സംസ്ഥാനത്തെ വനിതകൾക്കായി 10 ലക്ഷത്തോളം വീടുകളാണ് ഞങ്ങൾ മഹാരാഷ്ട്രയിൽ നൽകിയത്. അടുത്ത വർഷത്തോടെ പത്ത് ലക്ഷം വീടുകൾ കൂടി നൽകും. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സംസ്ഥാനത്ത് ഞങ്ങൾ ചെയ്ത കാര്യങ്ങൾ കണ്ട് പ്രതിപക്ഷം പോലും ഞെട്ടിയിരിക്കുകയാണെന്നും മോദി പറഞ്ഞു. 

നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായാണ് പ്രധാമന്ത്രി എത്തിയത്. സംസ്ഥാനത്ത് നിരവധി റാലികളിൽ മോദി പങ്കെടുക്കും. ഒക്ടോബർ 21 നാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ 24 ന് വോട്ടെണ്ണി ഫലം പുറത്ത് വരും. ബി.ജെ.പിയും ശിവസേനയും ചില ചെറു പാർട്ടികളും ഉൾപ്പെടുന്ന എൻ.ഡി.എ മുന്നണിയും കോൺഗ്രസ്-എൻ.സി.പി സഖ്യവും തമ്മിലാണ് സംസ്ഥാനത്ത് പ്രധാന മത്സരം.