രണ്ട് മാസം കൊണ്ട് 40 അടി നീളത്തിൽ തുരങ്കം; ബാങ്കിൽ നിന്നും കവർന്നത് 1.5 കോടി രൂപ  

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രണ്ട് മാസം കൊണ്ട് 40 അടി നീളത്തിൽ തുരങ്കം; ബാങ്കിൽ നിന്നും കവർന്നത് 1.5 കോടി രൂപ  

സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ മുംബൈയിൽ നടന്ന മോഷണത്തിന്റെ കഥ പോലീസ് പുറത്തുവിട്ടു. 40 അടിയോളം നീളമുള്ള തുരങ്കം നിർമിച്ച് നവിമുംബൈയിലെ ഒരു ബാങ്കിനുള്ളിൽ കടന്ന മോഷ്ടാക്കൾ, മുപ്പതോളം ലോക്കറുകൾ തകർക്കുകയും സ്വർണവും പണവും മോഷ്ടിക്കുകയും ചെയ്തു. ഒന്നരക്കോടിയോളം രൂപ നഷ്ടമുണ്ടായതായാണ് ഏകദേശ കണക്ക്. കഴിഞ്ഞ തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. 

ബാങ്ക് സ്ഥിതി ചെയ്യുന്ന ‘ഭക്തി റെസിഡന്‍സ്’ എന്ന കെട്ടിടത്തിൽത്തന്നെ മറ്റൊരു മുറി വാടകയ്ക്കെടുത്താണ് മോഷണം നടത്തിയത്. ഈ കെട്ടിടത്തിലെ ഏഴാം നമ്പർ മുറി എടുത്ത മോഷ്ടാക്കൾ അവിടെ ബാലാജി ജനറൽ സ്റ്റോഴ്സ് എന്ന പേരിൽ കടയും നടത്തിയിരുന്നു. ഈ മുറിയിൽനിന്ന് അഞ്ചടി താഴ്ചയിൽ കുഴിയെടുത്തശേഷം തൊട്ടടുത്തുള്ള രണ്ടു കടമുറികളുടെ അടിയിലൂടെ വീണ്ടും 30 അടി നീളത്തിൽ തുരങ്കം തീർത്താണ് ബാങ്കിൽ പ്രേവേശിച്ചിരിക്കുന്നത്. തുരങ്ക നിർമാണത്തിനായി രണ്ട് മാസത്തോളം സമയമെടുത്തു.

വെള്ളിയാഴ്ച രാത്രിയോടെ മോഷ്ടാക്കൾ ലോക്കർ റൂമിനു സമീപമെത്തിയിരുന്നെന്നാണ് പൊലീസ് കരുതുന്നത്. ശനി, ഞായർ ദിവസങ്ങളിലായി ഗ്യാസ് കട്ടറുകളും മറ്റും ഉപയോഗിച്ച് ലോക്കറുകൾ തകർത്തുവെന്നും പൊലീസ് കരുതുന്നു.

തുരങ്ക നിർമാണത്തിൽ നിന്നും കിട്ടുന്ന മണ്ണ് രാത്രികാലങ്ങളിൽ പുറത്തെത്തിക്കുകയായിരുന്നു പതിവ്. സംഭവം തൊട്ടടുത്ത് കടകളും ആൾ പെരുമാറ്റവും ഉണ്ടായിട്ടും ആരും അറിഞ്ഞില്ല എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. 

ബാങ്കിൽ പലയിടത്തും സിസിടിവി ക്യാമറയുണ്ടെങ്കിലും ലോക്കർ റൂമിൽ ഉണ്ടായിരുന്നില്ല. ഇത് അന്വേഷണത്തിനു വെല്ലുവിളിയാണ്. കെട്ടിടത്തിനു പുറത്തെ ഒരേയൊരു സിസിടിവി ക്യാമറയിലാകട്ടെ, മോഷ്ടാക്കൾ വാടകയ്ക്കെടുത്ത ബാലാജി സ്റ്റോറിന്റെ ദൃശ്യങ്ങൾ വ്യക്തവുമല്ല. പോലീസ് ആറു സംഘങ്ങളായാണ് കേസ് അന്വേഷിക്കുന്നത്.