സി.ബി.എസ്.ഇ സ്‌കൂളുകളില്‍ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ ഇനി നിര്‍ബന്ധം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സി.ബി.എസ്.ഇ സ്‌കൂളുകളില്‍ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ ഇനി നിര്‍ബന്ധം

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. അംഗീകാരമുള്ള സ്‌കൂളുകളില്‍ എന്‍.സി.ഇ.ആര്‍.ടി.  അംഗീകാരമുള്ള പാഠപുസ്തകങ്ങള്‍ പഠിപ്പിക്കണമെന്ന നിര്‍ദേശം കര്‍ശനമാകുന്നു. 19,390 അഫിലിയേറ്റഡ് സ്‌കൂളുകളില്‍ രണ്ടായിരത്തോളം സ്‌കൂളുകള്‍ മാത്രമാണ് പാഠപുസ്തകങ്ങള്‍ വാങ്ങിയതെന്ന് എന്‍.സി.ഇ.ആര്‍.ടി. വൃത്തങ്ങള്‍ പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ഉത്തരവ് കര്‍ശനമാക്കുന്നത്.

 2018-19 ല്‍ ആവശ്യമായ പാഠപുസ്തകങ്ങളുടെ ഓര്‍ഡര്‍ സ്‌കൂളുകളില്‍നിന്ന് എന്‍.സി.ഇ.ആര്‍.ടി. സ്വീകരിച്ചു തുടങ്ങി. സെപ്റ്റംബര്‍ എട്ടുവരെ ഓര്‍ഡര്‍ സ്വീകരിക്കും. എന്‍.സി.ഇ.ആര്‍.ടി. പുസ്തകങ്ങള്‍ക്ക് 30 മുതല്‍ 180 രൂപ വരെയാണ് വില. ഭൂരിഭാഗം പുസ്തകങ്ങളും 50 രൂപയ്ക്ക് ലഭിക്കും. എന്നാല്‍ സ്വകാര്യ പ്രസാധകരുടെ പല പുസ്തകങ്ങള്‍ക്കും 300 രൂപയോളമാണ് വില.

സ്‌കൂളുകള്‍ക്ക് വരുന്ന അധ്യയനവര്‍ഷത്തെ പാഠപുസ്തകങ്ങള്‍ക്കുള്ള ഓര്‍ഡര്‍  എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് നല്‍കാവുന്നതാണ്. മുഴുവന്‍ സ്‌കൂളുകള്‍ക്കും ആവശ്യമായ പാഠപുസ്തകങ്ങള്‍ എത്തിക്കാനാണ് നേരത്തെതന്നെ ഓര്‍ഡര്‍ സ്വീകരിക്കുന്നതെന്ന് സി.ബി.എസ്.ഇ. അറിയിച്ചു. എന്‍.സി.ഇി.ആര്‍.ടി.യുടെ പാനലിലുള്ള 680 പുസ്തകവില്‍പ്പനക്കാര്‍വഴിയും പാഠപുസ്തകങ്ങള്‍ ലഭ്യമാക്കും.

 സംസ്ഥാനത്ത് 1380 അഫിലിയേറ്റഡ് സ്‌കൂളുകളില്‍ പകുതിയോളം  എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകങ്ങളാണ് ഉപയോഗിക്കുന്നതെന്ന് കേരള സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ഇന്ദിരാ രാജന്‍ പറഞ്ഞു.എന്‍.സി.ഇ.ആര്‍.ടി.യുടെ പാഠപുസ്തകങ്ങള്‍ വാങ്ങണമെന്ന നിര്‍ദേശം കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്‌കൂളുകള്‍ക്ക് ലഭിച്ചത്. ഇതിനകം പല സ്‌കൂളുകളും സ്വകാര്യ പ്രസാധകരില്‍നിന്ന് പാഠപുസ്തകങ്ങള്‍ വാങ്ങിയിരുന്നു. 


LATEST NEWS