എന്‍ഡിഎ വിട്ടത് പാര്‍ട്ടിയ്ക്ക് ഉണ്ടാക്കിയത് നഷ്ടം മാത്രം: ചന്ദ്രബാബു നായിഡു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 എന്‍ഡിഎ വിട്ടത് പാര്‍ട്ടിയ്ക്ക് ഉണ്ടാക്കിയത് നഷ്ടം മാത്രം: ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: എന്‍.ഡി.എ സഖ്യം വിട്ടത് പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. അന്ന് എന്‍.ഡി.എയില്‍ നിന്നിരുന്നെങ്കില്‍ ചിത്രം മാറിയേനെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആന്ധ്രയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ടി.ഡി.പി കേന്ദ്രസര്‍ക്കാരുമായും ബി.ജെ.പിയുമായും തെറ്റിയത്. എന്നാല്‍ പാര്‍ട്ടിക്ക് ഇത്‌ നഷ്ടങ്ങള്‍ മാത്രമാണുണ്ടാക്കിയതെന്ന് നായിഡു പറഞ്ഞു.

അന്ന് ആന്ധ്രക്ക് പ്രത്യേക പദവി നല്‍കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്നാണ് ബി.ജെ.പിയുമായി തര്‍ക്കത്തിലായത്. ഇതില്‍ പ്രതിഷേധിച്ച്‌ ടി.ഡി.പി എന്‍.ഡി.എ വിടുകയായിരുന്നു. സംസ്ഥാന വിഭജന കാലത്തേ ആന്ധ്രക്ക് പ്രത്യേക പദവി നല്‍കുമെന്നാണ് കേന്ദ്രം വാക്കു പറഞ്ഞിരുന്നത്. എന്നാല്‍ വാക്കുമാറിയതോടെ മാര്‍ച്ചില്‍ ടി.ഡി.പി എന്‍.ഡി.എ വിടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മോദിക്കെതിരെയും ചന്ദ്രബാബു നായിഡു രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ടിഡിപി എന്‍ഡിഎ വിട്ടത്. എന്‍ഡിഎ വിട്ടതോടെ ചന്ദ്രബാബു നായിഡുവിന് തിരിച്ചടിയുടെ കാലമായിരുന്നു. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ടിഡിപി ഏറ്റുവാങ്ങിയത്. സംസ്ഥാനത്തെ 25 ലോക്‌സഭാ സീറ്റുകളില്‍ 22 സീറ്റും നേടിയത് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈആര്‍എസ് കോണ്‍ഗ്രസായിരുന്നു.

ബിജെപിയെ തോല്‍പ്പിക്കുക എന്ന ഏക ലക്ഷ്യത്തിനായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുമായി ദേശീയ തലത്തില്‍ സഖ്യം സ്ഥാപിക്കാനുള്ള ലക്ഷ്യമായിരുന്നു നായിഡുവിന്. ഇതിനായി രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അരവിന്ദ് കെജരിവാള്‍ തുടങ്ങിയ നേതാക്കാളെ ഒന്നിപ്പിക്കുന്നതിനു നിരന്തര ശ്രമവും ചന്ദ്രബാബു നായിഡു നടത്തിയിരുന്നു. എന്നാല്‍ സ്വന്തം സംസ്ഥാനം പോലും ചന്ദ്രബാബു നായിഡുവിനെ കൈവിടുകയായിരുന്നു.