നിതീഷ് കുമാർ എൻഡിഎ കൺവീനറാകും; രണ്ടു കേന്ദ്രമന്ത്രി സ്ഥാനവും ജെഡിയുവിന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിതീഷ് കുമാർ എൻഡിഎ കൺവീനറാകും; രണ്ടു കേന്ദ്രമന്ത്രി സ്ഥാനവും ജെഡിയുവിന്

ന്യൂഡൽഹി;  ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎ കൺവീനറാകും.  രണ്ടു കേന്ദ്രമന്ത്രി സ്ഥാനവും നിതീഷിന്റെ പാർട്ടിക്കു വാഗ്ദാനം ചെയ്ത ബിജെപി, ജെഡിയുവിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തു. ഒരു കാബിനറ്റ് പദവിയും ഒരു സഹമന്ത്രി പദവുമാണ് ജെഡിയുവിന് വാഗ്ദാനം ചെയ്തത്.  ഓഗസ്റ്റ് 19ന്   പട്നയിൽ നടക്കുന്ന ജെഡിയു ദേശീയ നിർവാഹക സമിതി യോഗത്തിനുശേഷം പാർട്ടിയുടെ എൻഡിഎ പ്രവേശനം നിതീഷ് കുമാർ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. .

വെള്ളിയാഴ്ച ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ജെഡിയുവിനെ മുന്നണിയിലേക്ക് ക്ഷണിച്ചത്. ബിജെപിയുമായുള്ള കൂട്ടുകെട്ടിനെ എതിർത്ത മുതിർന്ന നേതാവ് ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നും നീക്കി, നിതീഷ് കുമാറിന്റെ വിശ്വസ്തനായ ആർ.പി.പി. സിങ്ങിനെ പകരക്കാരനാക്കി.

പട്നയിൽ ജെഡിയു നിർവാഹക സമിതി യോഗത്തിൽ എൻഡിഎ പ്രവേശനം സംബന്ധിച്ച നിർദ്ദേശം നിതീഷ് കുമാർ തന്നെ മുന്നോട്ടുവയ്ക്കുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ.സി. ത്യാഗി അറിയിച്ചു. പാർട്ടി ഒന്നടങ്കം ഈ തീരുമാനത്തെ പിന്താങ്ങും. സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ സഖ്യം ഭരിക്കുന്നത് ബിഹാറിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നിമിഷമായിരിക്കുമെന്നും  ത്യാഗി പറഞ്ഞു.