മകന്റെ ബിസിനസ്സില്‍ അഴിമതി നടന്നിട്ടില്ല ; ആരോപണങ്ങള്‍  തെളിയിക്കാന്‍ വെല്ലുവിളിച്ച് അമിത് ഷാ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മകന്റെ ബിസിനസ്സില്‍ അഴിമതി നടന്നിട്ടില്ല ; ആരോപണങ്ങള്‍  തെളിയിക്കാന്‍ വെല്ലുവിളിച്ച് അമിത് ഷാ

ന്യൂഡല്‍ഹി : മകന്റെ കമ്പനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ജയ് ഷായ്‌ക്കെതിരെ ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ട സാമ്പത്തിക ആരോപണങ്ങള്‍ അമിത് ഷാ തള്ളി. ജയ് ഷായുടെ വ്യാവസായിക ഇടപാടുകളില്‍ അഴിമതി നടന്നിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവെയാണ് ഷാ ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ചത്.

ജയ് ഷായ്‌ക്കെതിരായ ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ അമിത് ഷാ വെല്ലുവിളിച്ചു. ആരോപണങ്ങള്‍ തെളിയിക്കാന്‍ നിങ്ങളുടെ കൈയില്‍ രേഖകളുണ്ടെങ്കില്‍ അവ കോടതിയില്‍ ഹാജരാക്കൂ. ജയ് ഷായുടെ ബിസിനസില്‍ അഴിമതിയുടെ ചോദ്യം തന്നെ അപ്രസക്തമാണ്. അമിത് ഷാ പറഞ്ഞു.

ഒരു കോടി രൂപയുടെ ബിസിനസ്സ് ഒരു സ്ഥാപനം നടത്തിയാല്‍ അതിന് അര്‍ത്ഥം ഒരു കോടി രൂപ ലാഭം ഉണ്ടാക്കി എന്നല്ല. ജയ് ഷായുടെ സ്ഥാപനം 80 കോടി രൂപയുടെ വാര്‍ഷിക വരുമാനം ഉണ്ടാക്കിയപ്പോഴും ഒന്നര കോടി രൂപയുടെ നഷ്ടത്തിലായിരുന്നു. ജയ് ഷായുടെ സ്ഥാപനം കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിച്ചു എന്ന ആരോപണം തികച്ചും അവാസ്തവമാണ്. കമ്പനിയുടെ ഇടപാടുകള്‍ എല്ലാം ചെക്കുകള്‍ വഴിയായിരുന്നു. അമിത് ഷാ വ്യക്തമാക്കി.

ജയ് ഷായുടെ കമ്പനിയായ ടെംപിള്‍ എന്റര്‍പ്രൈസസിനെതിരെയാണ് ഓണ്‍ലൈന്‍ മാധ്യമമായ ദി വയര്‍ സാമ്പത്തിക ക്രമക്കേടുകള്‍ ഉന്നയിച്ചത്. ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം കമ്പനിയുടെ വിറ്റുവരവില്‍ അഭൂതപൂര്‍വ്വമായ വര്‍ധന ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒറ്റവര്‍ഷം കൊണ്ട് കമ്പനിയുടെ വിറ്റുവരവ് 16,000 മടങ്ങ് വര്‍ധിച്ചെന്നാണ് കണക്കുകള്‍ നിരത്തി ദി വയര്‍ ചൂണ്ടിക്കാട്ടുന്നത്.