ഒരു രാജ്യം ഒറ്റ തിര‍ഞ്ഞെടുപ്പ്: നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ ധാരണ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒരു രാജ്യം ഒറ്റ തിര‍ഞ്ഞെടുപ്പ്: നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ ധാരണ


ന്യൂഡല്‍ഹി: ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിര്‍ദ്ദശങ്ങള്‍ സമര്‍പ്പിക്കാനായി പ്രത്യേക സമിതിക്ക് രൂപം നല്‍കാന്‍ തീരുമാനം. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത വിവിധ പാര്‍ട്ടി അദ്ധ്യക്ഷന്മാരുടെ യോഗത്തിനുശേഷം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യോഗത്തില്‍ പങ്കെടുത്ത മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ആശയത്തെ പിന്തുണച്ചുവെന്ന് രാജ്നാഥ് സിംഗ് അവകാശപ്പെട്ടു. ആശയം നടപ്പാക്കുന്നതിനെക്കുറിച്ച്‌ സി.പി.എമ്മിനും സി.പി.ഐയ്ക്കും വ്യത്യസ്ത നിലപാടാണെങ്കിലും അവരും ആശയത്തെ എതിര്‍ത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആശയത്തെ പിന്തുണച്ചു.

സര്‍വകക്ഷിയോഗത്തിലേക്ക് 40 പാര്‍ട്ടികളുടെ അദ്ധ്യക്ഷന്‍മാരെയാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍ 21 പാര്‍ട്ടി അദ്ധ്യക്ഷന്‍മാര്‍ മാത്രമാണ് യോഗത്തിനെത്തിയത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളൊന്നും യോഗത്തിനെത്തിയില്ല. പ്രധാനപ്രതിപക്ഷ പാര്‍ട്ടികള്‍ കൂട്ടത്തോടെ ബഹിഷ്‌കരിച്ച യോഗത്തില്‍ കോണ്‍ഗ്രസും തൃണമുല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെ അഞ്ച് പാര്‍ട്ടികള്‍ യോഗത്തിനെത്തിയില്ല.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതി, തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, മുന്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ എന്നിവരാണ് കോണഗ്രസിനു പുറമെ യോഗത്തില്‍ നിന്ന് വിട്ടു നിന്നത്.

യോഗത്തിന് എത്തില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസംതന്നെ വ്യക്തമാക്കിയിരുന്നു. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച യോഗമാണ് പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കേണ്ടതെന്ന് ബിഎസ്പി അധ്യക്ഷ മായാവതി ചൂണ്ടിക്കാട്ടി. 

യോഗത്തില്‍ ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് യാദവ്, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി എന്നീ നേതാക്കളും എന്‍സിപിയുടെയും ഡിഎംകെയുടെയും മുസ്ലീം ലീഗിന്റെയും പ്രതിനിധികളും യോഗത്തിനെത്തി. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണ് ഈ നീക്കമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കായി വേണ്ടി വരുന്ന സമയവും പണച്ചിലവും കുറയ്ക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് ഒറ്റത്തിരഞ്ഞെടുപ്പ് എന്ന ആശയം ബിജെപി മുന്നോട്ടു വെയ്ക്കുന്നത്.


LATEST NEWS