ഒരു രാജ്യം,​ ഒറ്റ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയുടെ സര്‍വ്വകക്ഷിയോഗം ബഹിഷ്‌കരിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒരു രാജ്യം,​ ഒറ്റ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയുടെ സര്‍വ്വകക്ഷിയോഗം ബഹിഷ്‌കരിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന വിഷയം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ച സര്‍വ്വകക്ഷി യോഗം ബഹിഷ്‌കരിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രധാനപ്രതിപക്ഷ പാര്‍ട്ടികള്‍ കൂട്ടത്തോടെ ബഹിഷ്‌കരിച്ച യോഗത്തില്‍ കോണ്‍ഗ്രസും തൃണമുല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെ അഞ്ച് പാര്‍ട്ടികള്‍ യോഗത്തിനെത്തിയില്ല. 

തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തുന്നതിനെക്കുറിച്ച്‌ സമവായം ഉണ്ടാക്കുന്നതിനാണ് നരേന്ദ്രമോദി യോഗം വിളിച്ചത്. യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു അവസാന നിമിഷവും കോണ്‍ഗ്രസിന്റെ പ്രതികരണം. നരേന്ദ്രമോദിക്കൊപ്പം പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, നിതിന്‍ ഗഡ്കരി,​ ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദ എന്നിവരും യോഗത്തിലുണ്ടായിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതി, തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, മുന്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ എന്നിവരാണ് കോണഗ്രസിനു പുറമെ യോഗത്തില്‍ നിന്ന് വിട്ടു നിന്നത്.

ഒഡിഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീന്‍ പട്‌നായിക് യോഗത്തില്‍ അല്‍പസമയം പങ്കെടുത്ത് മടങ്ങി. 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്', എന്ന ആശയത്തോട് യോജിക്കുന്നുവെന്ന് നവീന്‍ പട്‌നായിക് വ്യക്തമാക്കി. സമാധാനം, അഹിംസ എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടതായും നവീന്‍ പട്‌നായിക് കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, അകാലിദള്‍ നേതാവ് സുഖ്‍ബീര്‍ സിംഗ് യാദവ്, പി.ഡി.പി നേതാവ് മെഹ്‍ബൂബ മുഫ്തി, ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി എന്നീ നേതാക്കളും എന്‍.സി.പിയുടെയും ഡി.എം.കെയുടെയും മുസ്ലീം ലീഗിന്റെയും പ്രതിനിധികള്‍ യോഗത്തിനെത്തി. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.ഐ നേതാവ് ഡി. രാജയും യോഗത്തിനെത്തിയെങ്കിലും ഒറ്റതിരഞ്ഞെടുപ്പ് എന്ന ആശയത്തെ എതിര്‍ക്കുമെന്ന് ഇവര്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണ് ഈ നീക്കമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കായി വേണ്ടി വരുന്ന സമയവും പണച്ചിലവും കുറയ്ക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് ഒറ്റത്തിരഞ്ഞെടുപ്പ് എന്ന ആശയം ബിജെപി മുന്നോട്ടു വെയ്ക്കുന്നത്. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ ഈ ആശയത്തെ പിന്തുണയ്ക്കുന്നില്ല. ബിജെപിയുടെ ആശയം നടപ്പിലാക്കണമെന്നുണ്ടെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ഇതിന് പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഇതേതുടര്‍ന്നാണ് പ്രതിപക്ഷ കക്ഷികളെ അടക്കം യോഗത്തിന് വിളിച്ചത്.


LATEST NEWS