നാവിക് പിഎസ്എൽവി സി39 വിക്ഷേപണം പരാജയപ്പെട്ടതിനു കാരണം അമിതഭാരം.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 നാവിക് പിഎസ്എൽവി സി39 വിക്ഷേപണം പരാജയപ്പെട്ടതിനു കാരണം അമിതഭാരം.

ശ്രീഹരിക്കോട്ട ∙ ജിപിഎസ് സംവിധാനമായ നാവിക്കിനുള്ള ഉപഗ്രഹവുമായി കുതിച്ച പിഎസ്എൽവി സി39 വിക്ഷേപണം പരാജയപ്പെട്ടതിനു കാരണം അമിതഭാരം. ഐആർഎൻഎസ്എസ് വൺഎച്ച് എന്ന ഉപഗ്രഹം വഹിച്ചുള്ള പിഎസ്എൽവി സി39 യാത്രയാണ് നാലാം ഘട്ടത്തിൽ കണക്കുകൂട്ടലുകൾ തെറ്റിച്ചത്.  ഒരു ടൺ അധികഭാരം റോക്കറ്റിന് ഉണ്ടായിരുന്നെന്നാണ്  സൂചന. അമിതഭാരം കാരണം വേഗം കുറഞ്ഞതാണ് ദൗത്യം പരാജയപ്പെടാൻ ഇടയാക്കിയത്. വേഗം കുറഞ്ഞതോടെ പ്രതീക്ഷിച്ചിരുന്ന ഉയരത്തിലേക്കു റോക്കറ്റിന് എത്താനായില്ലെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

ഐഎസ്ആർ‌ഒ ഉപഗ്രഹവിഭാഗം മേധാവി എസ്.കെ.ശിവകുമാർ ആണ് പരാജയകാരണത്തെ കുറിച്ചുള്ള വിവരം നടത്തിയത്. ‘രൂപകൽപന ചെയ്തിരുന്നതിനേക്കാൾ ഒരു ടൺ ഭാരം റോക്കറ്റിനു കൂടുതലുണ്ടായിരുന്നു. . മാത്രമല്ല അമിതഭാരം വേഗതയെയും ബാധിച്ചു. ഉ സെക്കൻഡിൽ 9.5 കിലോമീറ്റർ വേഗത കൈവരിക്കേണ്ട റോക്കറ്റിന് 8.5 കിലോമീറ്ററേ എത്താനായുള്ളൂ. ഉദ്ദേശിച്ചിരുന്ന പാതയിൽ നിന്നു റോക്കറ്റിനു വ്യതിയാനവും സംഭവിച്ചിരുന്നു. സബ് ജിയോസിങ്ക്രോണസ് ട്രാൻസ്ഫർ ഓർബിറ്റിലേക്ക് എത്തുന്നതിനു പകരം അതിനു താഴെയുള്ള ഭ്രമണപഥത്തിലാണു റോക്കറ്റ് എത്തിയത്.

‘വിക്ഷേപണ സമയത്തുണ്ടാകുന്ന വലിയ തോതിലുള്ള ചൂടിൽനിന്ന് ഉപഗ്രഹത്തെ സംരക്ഷിക്കാനുള്ളതാണ് താപകവചം. ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ എത്തിച്ചുകഴിഞ്ഞാൽ താപകവചം തനിയെ വേർപെടുകയാണ്  ചെയ്യുക. ഭാരം കൂടിയതിനാൽ, പ്രതീക്ഷിത ഉയരമായ 20,650 കിലോമീറ്ററിലേക്ക് എത്തിയില്ല. ഈ ഘട്ടത്തിൽ 6000 കിലോമീറ്റർ ഉയരത്തിലേ വിക്ഷപണ വാഹനം എത്തിയുള്ളൂ’– ശിവകുമാർ പറഞ്ഞു.

ഐആർഎൻഎസ്എസ്–വൺ എച്ച് എന്ന ഉപഗ്രഹം സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണു വിക്ഷേപിച്ചത്. ആദ്യ മൂന്നു ഘട്ടങ്ങളും വിജയം കണ്ടെങ്കിലും നാലാം ഘട്ടത്തിൽ താപകവചം (ഹീറ്റ് ഷീൽഡ്) വേർപെടാതിരുന്നതോടെ ദൗത്യം പരാജയപ്പെട്ടതായി ഐഎസ്ആർഒ ചെയർമാൻ എ.എസ്.കിരൺകുമാർ സ്ഥിരീകരിച്ചിരുന്നു. അതേസമയം, ‌വിക്ഷേപണം പരാജയപ്പെട്ടതിനെക്കുറിച്ചുള്ള ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ പരിശോധനകൾ പുരോഗമിക്കുകയാണ്.