യുഎഇയുടെ ‘ഓര്‍ഡര്‍ ഓഫ് സായിദ്’ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുഎഇയുടെ ‘ഓര്‍ഡര്‍ ഓഫ് സായിദ്’ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു

ദുബായ്: യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് സായിദ്' പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് പുരസ്‌കാരം പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്.  

ആദ്യമായാണ് ഒരിന്ത്യക്കാരൻ ഈ ബഹുമതിക്ക് അർഹനാകുന്നത്.തുടർന്ന് യു എ ഇ ഭരണാധികാരികളുമായി അദ്ദേഹം ചർച്ച നടത്തി.

രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം യു എ ഇ യിലെത്തിയത് . യുഎഇയിലെ ഇന്ത്യക്കാരായ സഞ്ചാരികൾക്കും താമസക്കാർക്കും ഉപയോഗിക്കാവുന്ന റൂപേ കാർഡും അദ്ദേഹം പുറത്തിറക്കി. മാസ്റ്റര്‍ കാര്‍ഡിനും വിസ കാര്‍ഡിനും പകരമായി ഇന്ത്യ പുറത്തിറക്കുന്ന റൂപേ കാര്‍ഡിന്റെ ഗള്‍ഫ് നാടുകളിലെ ആദ്യ പരിചയപ്പെടുത്തലാണ് ചടങ്ങില്‍ നടന്നത്. 

ഇതോടെ യുഎഇയും ഇന്ത്യയും തമ്മിൽ നേരിട്ടുള്ള ഡിജിറ്റൽ പണമിടപാട് സംവിധാനമാണ് പ്രാബല്യത്തിലായത്.യു.എ.ഇയിലെ ബാങ്കുകളായ അബുദാബി ഫസ്റ്റ് ബാങ്ക്,എമിറേറ്റ്സ് എൻ .ബി.ഡി,ബാങ്ക് ഓഫ് ബറോഡ,ലുലു ഹൈപ്പർമാർക്കെറ്റ് ,എൻ.എം.സി ഹോസ്പിറ്റൽ,വി.പി.എസ് ഹെൽത് കെയർ തുടങ്ങിയ 12 ഇടങ്ങളിൽ ആദ്യ ഘട്ടത്തിൽ റുപേ കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്താം.

റുപേ കാർഡ് ഏർപ്പെടുത്തുന്ന ആദ്യ അറബ് രാഷ്ട്രമാണ് യുഎഇ. കാർഡിന്റെ യുഎഇയിലെ ഇടപാടുകൾ നടക്കുന്നത് മെർക്കുറി പേയ്മെന്റ് സർവീസ് വഴിയുമാണ്. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ സേവനദാതാവിന് പണം ലഭിക്കുന്നതു പോലെ റുപേ കാർഡ് ഉപയോഗിക്കുമ്പോൾ സർക്കാരിന് പണം ലഭിക്കുമെന്നതിനാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കും ഗുണകരമാണ് റുപേ കാർഡ്.

തുടർന്നു മോദി ബഹ്റൈനിലേക്കു തിരിച്ചു . ബഹ്റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുമായി ചർച്ച നടത്തും. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബഹ്റൈൻ സന്ദർശിക്കാനൊരുങ്ങുന്നത്. മനാമയിലെ ശ്രീ കൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണപ്രവർത്തനങ്ങൾ മോദി ഉദ്ഘാടനം ചെയ്യും.
 


LATEST NEWS