പശുവിന്റെ പേരിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ  നടപടിയെടുക്കും-മോദി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പശുവിന്റെ പേരിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ  നടപടിയെടുക്കും-മോദി

ന്യൂഡൽഹി: പശുവിന്റെ പേരിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ സംസ്ഥാനങ്ങൾ കർശന നടപടിയെടുക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദുക്കളിൽ ഏറെപ്പേർ പശുവിനെ മാതാവായി കാണുന്നവരാണെങ്കിലും അതിന്റെ പേരിൽ സാമൂഹികവിരുദ്ധ പ്രവർത്തനവും നിയമം കയ്യിലെടുക്കലും അനുവദിക്കാനാകില്ല. ഗോരക്ഷകരുടെ അക്രമങ്ങൾക്കു രാഷ്ട്രീയ, സാമുദായിക നിറം നൽകരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഇന്നാരംഭിക്കുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിച്ച സർവകക്ഷി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്നു നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ ഭരണ–പ്രതിപക്ഷ അഭിപ്രായസമന്വയം ഉണ്ടായിരുന്നെങ്കിൽ നല്ലതാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി തിരഞ്ഞെടുപ്പു പ്രചാരണം അന്തസ്സുറ്റ തരത്തിലാണു നടന്നത്. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ എഴുപത്തഞ്ചാം വാർഷികമായ ഓഗസ്റ്റ് ഒൻപത് എല്ലാ രാഷ്ട്രീയ കക്ഷികളും ആഘോഷിക്കണമെന്നു മോദി അഭ്യർഥിച്ചു. അഴിമതിക്കെതിരായ പോരാട്ടത്തിനു സഹകരണം അഭ്യർഥിച്ച നരേന്ദ്ര മോദി, അഴിമതിയാരോപണങ്ങൾ നേരിടുന്ന ലാലു പ്രസാദ് യാദവിനെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. രാഷ്ട്രീയ നേതാക്കളുടെ പ്രതിച്ഛായ തന്നെ തകർത്ത അഴിമതിക്കാരെ സംരക്ഷിക്കരുതെന്നും മോദി പറഞ്ഞു.

ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതു സഹകരണ ഫെഡറലിസത്തിന്റെ ഉത്തമോദാഹരണമാണെന്നു പ്രകീർത്തിച്ച മോദി രാഷ്ട്രീയ കക്ഷികളെയെല്ലാം ഇക്കാര്യത്തിൽ അഭിനന്ദിച്ചു. കേന്ദ്ര ബജറ്റ് നേരത്തേയാക്കിയതിനാൽ അടിസ്ഥാനസൗകര്യ വികസന മേഖലയിൽ അനുവദിച്ച തുകയിൽ 49 ശതമാനവും ആകെ തുകയിൽ 30 ശതമാനവും വർഷകാലം ആരംഭിക്കുന്നതിനു മുൻപുതന്നെ ചെലവിടാൻ കഴിഞ്ഞതായി മോദി അറിയിച്ചു.

രാജ്യത്തു പശുവിന്റെ പേരിൽ മുസ്‌ലിംകൾക്കും ദലിതർക്കുമെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിപക്ഷ കക്ഷികൾ ബിജെപിയെ നിശിതമായി വിമർശിച്ചു. പാർലമെന്റിൽ വിഷയം ഉന്നയിക്കുമെന്നു പ്രതിപക്ഷ കക്ഷികൾ വ്യക്തമാക്കി.

പ്രതിപക്ഷ കക്ഷി നേതാക്കളായ ഗുലാം നബി ആസാദ് (കോൺഗ്രസ്), ശരദ് പവാർ (എൻസിപി), സീതാറാം യച്ചൂരി (സിപിഎം), മുലായം സിങ് യാദവ് (എസ്പി), ഫറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്), ഡി.രാജ (സിപിഐ) എന്നിവർ പങ്കെടുത്തു. ജനതാദൾ (യു), തൃണമൂൽ കോൺഗ്രസ് പ്രതിനിധികൾ പങ്കെടുത്തില്ല. ബംഗാൾ അക്രമങ്ങളെ ചൊല്ലി ബിജെപിയുമായുള്ള ഭിന്നതകളുടെ പേരിൽ സർവകക്ഷി യോഗം ബഹിഷ്കരിക്കുന്നതായി തൃണമൂൽ നേതൃത്വം വ്യക്തമാക്കിയിരുന്നു.

14 ദിവസം കൊണ്ട് 16 ബില്ലുകൾ എങ്ങനെ പാസാക്കുമെന്നു യച്ചൂരി

 ന്യൂഡൽഹി: പാർലമെന്റിന്റെ ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷകാല സമ്മേളനങ്ങളിലൊന്നാണ് ഇത്തവണ ചേരുന്നതെന്നു സിപിഎം. വെള്ളിയാഴ്ചയല്ലാത്ത 14 പൂർണദിവസങ്ങൾ മാത്രം ചേരുന്ന സമ്മേളനത്തിൽ 16 പുതിയ ബില്ലുകൾ കൊണ്ടുവരാനാണു സർക്കാരിന്റെ ശ്രമമെന്നു സർവകക്ഷി യോഗത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ചൂണ്ടിക്കാട്ടി. 

രാജ്യസഭയിൽ പത്തും ലോക്സഭയിലെ എട്ടും ബില്ലുകൾ കെട്ടിക്കിടക്കുന്നത് ഇതിനു പുറമേയാണ്. ഇത്രയും ബില്ലുകൾ 14 ദിവസംകൊണ്ടു പാസാക്കിയെടുക്കണമെങ്കിൽ ഒരു ചർച്ചയും നടത്താതെ വേണ്ടിവരും. നിയമനിർമാണകാര്യത്തിൽ സർക്കാർ ഗൗരവപൂർണമായി മുൻഗണന നിശ്ചയിക്കണം – യച്ചൂരി ആവശ്യപ്പെട്ടു.


LATEST NEWS