പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രി;​ സത്യപ്രതിജ്ഞ ഇന്ന് രാത്രി നടക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രി;​ സത്യപ്രതിജ്ഞ ഇന്ന് രാത്രി നടക്കും

പനാജി:  ഗോവയില്‍ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാകും. നിലവില്‍ ഗോവ നിയമസഭാ സ്പീക്കറാണ് പ്രമോദ് സാവന്ത്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തോടെയാണ് പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ തെരഞ്ഞെടുത്തത്.

സത്യപ്രതിജ്ഞ ഇന്ന് രാത്രിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ഘടകകക്ഷികള്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാനും ധാരണയായതാണ് സൂചന. ഗോവയില്‍ സർക്കാർ രൂപീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളെ മറികടന്നാണു പുതിയ മുഖ്യമന്ത്രിയുമായി ബിജെപി നീക്കം നടത്തുന്നത്.

ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ബി.ജെ.പി എന്നിവരുമായി നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്പീക്കര്‍ പ്രമോദ് സാവന്തിനെ പരീക്കറുടെ പിന്‍ഗാമിയായി പാര്‍ട്ടി തെരഞ്ഞെടുത്തത്. 

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഗോവയിലെ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാനെ, എം.ജി.പി ചീഫ് സുധിന്‍ ദവലികാര്‍ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാനം വരെ പ്രമോദ് സാവന്തിന്റെ കൂടെ പരിഗണിച്ചിരുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഇവരിലൊരാള്‍ക്ക് നല്‍കി ത്യപ്തിപ്പെടുത്തുമെന്നാണ് പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്ന സൂചന.

സർക്കാർ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ഗോവയിലെ കോൺഗ്രസ് നിയമസഭാംഗങ്ങൾ ഗവർണർ മൃദുല സിൻഹയെ കണ്ടിരുന്നു. സർക്കാർ രൂപീകരിക്കുന്നതിനു ഗവർണർ ക്ഷണിക്കാത്ത സാഹചര്യത്തിലാണ് രാജ്ഭവനിലേക്കു നേരിട്ടുചെന്നതെന്നു പ്രതിപക്ഷ നേതൃത്വം വ്യക്തമാക്കി. സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസ് രണ്ട് വട്ടം ഗവർണർക്കു കത്ത് നൽകിയിരുന്നു. 40 അംഗ സഭയിൽ 14 എംഎൽഎമാരുള്ള കോൺഗ്രസിനാണു ഭൂരിപക്ഷം.