റഫാൽ കേസ് വിധി പറയുന്നതിനായി മാറ്റി; ചോർന്ന രഹസ്യ രേഖകള്‍ ഉൾപ്പെടുത്തണോ എന്ന് സുപ്രീം കോടതി തീരുമാനിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റഫാൽ കേസ് വിധി പറയുന്നതിനായി മാറ്റി; ചോർന്ന രഹസ്യ രേഖകള്‍ ഉൾപ്പെടുത്തണോ എന്ന് സുപ്രീം കോടതി തീരുമാനിക്കും

റഫാൽ പുനഃപരിശോധന ഹര്‍ജികളിൽ സുപ്രീം കോടതി വിധി പറയുന്നതിനായി മാറ്റി. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ചോര്‍ന്ന രഹസ്യ രേഖകൾ റഫാൽ കേസിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്നതിലായിരുന്നു ഇന്ന് സുപ്രീംകോടതി വാദം കേട്ടത്. ഇക്കാര്യത്തിൽ തീരുമാനം എടുത്ത ശേഷമേ റഫാൽ പുനഃപരിശോധന ഹര്‍ജികൾ പരിഗണിക്കൂവെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ചോര്‍ത്തിയ രേഖകൾ  കേസിൽ നിന്ന് ഒഴിവാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യം പരിശോധിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. 

അഴിമതി കേസികളിൽ ആവശ്യമെങ്കിൽ രഹസ്യരേഖകൾ വിവരാവകാശ നിയമപ്രകാരം കൈമാറാനാകുമെന്ന് വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. രേഖകളുടെ ഉള്ളടക്കമെന്തെന്ന് അറ്റോര്‍ണി ജനറലിനോട് ചോദിച്ച ശേഷമാണ് കേസ് വിധി പറയാൻ മാറ്റിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് റഫാൽ ഇടപാടിൽ നടത്തിയ സമാന്തര ചര്‍ച്ചയാണ് രേഖയുടെ ഉള്ളടക്കമെന്നും ആ രേഖ എങ്ങനെയാണ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നതെന്നും മുൻ കേന്ദ്ര മന്ത്രി അരുണ്‍ ഷൂരി വാദിച്ചു.  

ഔദ്യോഗിക രഹസ്യ നിയമപ്രകാരം, തെളിവ് നിയമപ്രകാരവും ഹര്‍ജിക്കാര്‍ നൽകിയിരിക്കുന്ന പ്രതിരോധ മന്ത്രാലയത്തിലെ രഹസ്യ രേഖകൾ കേസിന്‍റെ ഭാഗമാക്കാൻ സാധിക്കില്ലെന്ന് അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാൽ വാദിച്ചു. ചോര്‍ന്ന രേഖകൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്. രേഖകൾ കേസിൽ നിന്ന് ഒഴിവാക്കുക തന്നെ വേണമെന്നും എ ജി ആവശ്യപ്പെട്ടു.

രേഖകൾ ചോര്‍ത്തുകയോ, മോഷ്ടിക്കുകയോ ചെയ്തതാണെങ്കിൽ എന്തുകൊണ്ട് കേസെടുത്തില്ല എന്ന് ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷൻ ചോദിച്ചു. മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച് പൊതുജനത്തിന് മുന്നിലുള്ള രേഖയാണ് കോടതിയിൽ നൽകിയത്. അഴിമതി പുറത്തുകൊണ്ടുവരാൻ വേണ്ടി മാത്രമായിരുന്നു ഈ ശ്രമം. രേഖകൾ ഉൾപ്പെടുത്തരുതെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ വാദമാണ് രാജ്യസുരക്ഷക്ക് ഭീഷണിയെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. 


LATEST NEWS