മെഡിക്കള്‍ എന്‍ജിനീയറിങ് കോളേജുകളില്‍ റാഗിങ്ങ് കൂടുതല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 മെഡിക്കള്‍ എന്‍ജിനീയറിങ് കോളേജുകളില്‍ റാഗിങ്ങ് കൂടുതല്‍

ഡല്‍ഹി: മൂന്നിലൊന്ന് വിദ്യാര്‍ഥികളെയും (31.2 ശതമാനം) റാഗിങ് മാനസികമായി തളര്‍ത്തുന്നതായി യു.ജി.സി.യുടെ സര്‍വേ ഫലം. പ്രൊഫഷണല്‍ ഉള്‍പ്പെടെ രാജ്യത്തെ 37 കോളേജുകളിലാണ് പഠനം നടത്തിയത്. കേരളത്തിലെ ഓരോ സ്വകാര്യ-സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജുകളും ഇതില്‍ ഉള്‍പ്പെടും. 2015-ല്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് വെള്ളിയാഴ്ചയാണ് പുറത്തുവിട്ടത്.

മെഡിക്കല്‍-എന്‍ജിനീയറിങ് കോളേജുകളിലാണ് റാഗിങ് കൂടുതല്‍ നടക്കുന്നത്. കോളേജിലെ സാഹചര്യം, മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും മനോഭാവം എന്നിവ റാഗിങ്ങിന് കാരണമാകുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

റാഗിങ് കാരണം പഠനത്തില്‍ ശ്രദ്ധിക്കാന്‍കഴിയുന്നില്ലെന്ന് 18.9 ശതമാനം വിദ്യാര്‍ഥികള്‍ പറഞ്ഞു. 12.1 ശതമാനത്തിന് ക്ലാസുകള്‍ നഷ്ടപ്പെടുന്നു. 9.5 ശതമാനത്തിന് അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കാനാകുന്നില്ല. ഒന്‍പതുശതമാനത്തിന്റെ പഠനനിലവാരം കുറഞ്ഞു.

റാഗിങ്ങിന് വിധേയരായവരില്‍ 84.3 ശതമാനവും പരാതിനല്‍കുന്നില്ല. കുറ്റക്കാര്‍ക്കെതിരേ അധികാരികള്‍ നടപടിയെടുക്കുമോയെന്ന സംശയം, മുതിര്‍ന്ന വിദ്യാര്‍ഥികളോടുള്ള ഭയം, പഠനത്തെ ബാധിക്കുമോയെന്ന ആശങ്ക തുടങ്ങിയവയാണ് ഭൂരിപക്ഷവും പരാതിപ്പെടാത്തതിന് കാരണം.

പുതിയ കുട്ടികള്‍ക്ക് മുതിര്‍ന്ന വിദ്യാര്‍ഥികളുമായി പരിചയപ്പെടാനും കോളേജിലെ അന്തരീക്ഷവുമായി ഇണങ്ങിച്ചേരാനും മാനേജ്‌മെന്റുകള്‍ അവസരമൊരുക്കുക, മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും മുതിര്‍ന്ന വിദ്യാര്‍ഥിപ്രതിനിധികളുടെയും നേതൃത്വത്തില്‍ സമിതി രൂപവത്കരിക്കുക, കോളേജുകളില്‍ നിരീക്ഷണസംവിധാനം ശക്തിപ്പെടുത്തുക, നിരീക്ഷണത്തിന് അധ്യാപകരെയും വാര്‍ഡന്മാരെയും മുതിര്‍ന്നവിദ്യാര്‍ഥികളെയും നിയോഗിക്കുക, കൗണ്‍സലിങ്ങിനുള്ള സൗകര്യമൊരുക്കുക, റാഗിങ്ങിനെതിരേ യു.ജി.സി. ചട്ടങ്ങളും മാര്‍ഗരേഖകളും നടപ്പാക്കുക, യു.ജി.സി.യുടെ റാഗിങ് വിരുദ്ധ സെല്‍ ശക്തിപ്പെടുത്തുക, അക്രഡിറ്റേഷനുള്ള മാര്‍ഗരേഖകള്‍ കോളേജുകള്‍ പാലിക്കുന്നുണ്ടെന്ന് നാക് ഉറപ്പുവരുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും പഠനം മുന്നോട്ടുവെക്കുന്നു.