22 വര്‍ഷകൊണ്ട് ബിജെപി ഗുജറാത്തിലെ ജനങ്ങള്‍ക്ക് എന്ത് നല്‍കി : രാഹുല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

22 വര്‍ഷകൊണ്ട് ബിജെപി ഗുജറാത്തിലെ ജനങ്ങള്‍ക്ക് എന്ത് നല്‍കി : രാഹുല്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതിയെകുറിച്ച് പറയുന്നത് അവസാനിപ്പിച്ചിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. റാഫേല്‍ വിമാന ഇടപാടും അമിത് ഷായുടെ മകനെതിരായ ആരോപണങ്ങളും വാര്‍ത്തയായതോടെയാണ് മോദി അഴിമതിയെക്കുറിച്ച് മിണ്ടാതായതെന്നും രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

കഴിഞ്ഞ മൂന്നു മാസത്തിനിടെ ഗുജറാത്തിലെ ജനങ്ങളിൽനിന്ന് അകമഴിഞ്ഞ പിന്തുണയും സ്നേഹവുമാണ് എനിക്കു ലഭിച്ചത്. ഈ അനുഭവം എനിക്കൊരിക്കലും മറക്കാനാകില്ല. നിങ്ങളുടെ സ്നേഹം എന്റെ ഹൃദയത്തെയാണ് സ്പർശിച്ചത്. കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് ഞാൻ ഇപ്പോൾ മുൻഗണന നൽകുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ പരിതസ്ഥിതിക്ക് മാറ്റം വന്നേ തീരൂ – രാഹുൽ പറഞ്ഞു.

'റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് മോദി ജലവിമാനത്തില്‍ പര്യടനത്തിനെത്തിയതില്‍ തെറ്റൊന്നുമില്ല. പക്ഷേ, അത് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുന്ന കാര്യമായിപ്പോയി. കഴിഞ്ഞ 22 വര്‍ഷവും ബിജെപി ഗുജറാത്തിലെ ജനങ്ങള്‍ക്ക് എന്ത് നല്‍കി എന്നതാണ് പ്രസക്തം.'രാഹുല്‍ പറഞ്ഞു.

മോദിയും വിജയ് രൂപാണിയും ചേര്‍ന്ന് നടത്തിയ വികസനം പക്ഷപാതപരമാണെന്ന് രാഹുല്‍ ആരോപിച്ചു. അഞ്ചോ പത്തോ പേരിലേക്ക് മാത്രമാണ് വികസനം എത്തിയിട്ടുള്ളത്. വന്‍കിട വ്യവസായികള്‍ക്ക് ആറ് കോടി രൂപ വായ്പയായി നല്‍കിയിട്ട് ചെറുകിട വ്യവസായങ്ങളെ അവഗണിക്കുകയാണ് ബിജെപി ചെയ്തത്. കര്‍ഷകരെയും പൂര്‍ണമായും അവഗണിക്കുന്ന നയമാണ് ബിജെപി സ്വീകരിച്ചത്. ഗുജറാത്തിലെ ജനങ്ങള്‍ക്ക് ഇതൊക്കെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ചോ രാജ്യത്തെ അഴിമതികളെക്കുറിച്ചോ പ്രധാനമന്ത്രി സംസാരിക്കാത്തിന്റെ കാരണവും അവര്‍ക്കറിയാമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

ഗുജറാത്തില്‍ ഭരണം നേടാനാവുമെന്ന് കോണ്‍ഗ്രസ്സിന് ഉറച്ച വിശ്വാസമുണ്ട്. ആദ്യഘട്ട വോട്ടെടുപ്പോടെ തന്നെ ബിജെപി പിന്നാക്കം പോയിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഗുജറാത്തിലെ ജനങ്ങള്‍ തന്നോട് കാണിച്ച സ്‌നേഹം നിസ്സീമമാണ്. ക്ഷേത്രങ്ങളിലെത്തി താന്‍ പ്രാര്‍ഥിക്കാറുള്ളത് ഗുജറാത്തിലെ ജനങ്ങളുടെ പുരോഗതിയ്ക്ക് വേണ്ടിയാണ്. അങ്ങനെ ക്ഷേത്രങ്ങളില്‍ പോവുന്നതില്‍ തെറ്റുണ്ടോയെന്നും രാഹുല്‍ ചോദിച്ചു.