റഫേല്‍ ഇടപാട്: മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്‍റെ ആരോപണത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് രാഹുല്‍ ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റഫേല്‍ ഇടപാട്: മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്‍റെ ആരോപണത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റഫേല്‍ ഇടപാട് സംബന്ധിച്ച് മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്‍റെ ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ പ്രധാനമന്ത്രി കള്ളനാണെന്നാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നതെന്നും മോഡി ഇതിനു മറുപടി പറയണമെന്നും രാഹുല്‍ പറഞ്ഞു. ഇടപാടില്‍ പ്രധാനമന്ത്രിയുടേയും കേന്ദ്രത്തിന്റേയും അഴിമതി വ്യക്തമാണെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

റഫേല്‍ ഇടപാടിലൂടെ 30,000 കോടി രൂപയാണ് മോഡി അനില്‍ അംബാനിക്കു നല്‍കിയത്. 45,000 കോടിയുടെ കടത്തിലായിരുന്നു അനില്‍ അംബാനി. മോഡി അവര്‍ക്കു രക്ഷാ പാക്കെജ് ഒരുക്കിയിരിക്കുകയാണ്. രാജ്യത്തെ സൈനികരുടെ കീശയില്‍ നിന്നെടുത്ത പണമാണ് ഇതെന്നും രാഹുല്‍ ആരോപിച്ചു.

ഇന്ത്യയുടെ താല്‍പര്യപ്രകാരമാണ് റിലയന്‍സ് കമ്ബനിയെ റഫേല്‍ ഇടപാടില്‍ പങ്കാളിയാക്കിയതെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഫ്രാന്‍സ് ഗവണ്‍മെന്റിനോ, വിമാനനിര്‍മ്മാണ കമ്ബനിയായ ഡാസാള്‍ട്ടിനോ അമ്ബാനിയുടെ റിലയന്‍സ് കമ്ബനിയെ പങ്കാളിയാക്കിയതില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നാണ് അഭിമുഖത്തില്‍ ചോദ്യത്തിന് മറുപടിയായി ഓളന്ദ് പറയുന്നത്.

2015 ഏപ്രിലില്‍ റഫേല്‍ കരാര്‍ ഒപ്പിടുമ്ബോള്‍ ഓളന്ദ് ആയിരുന്നു ഫ്രഞ്ച് പ്രസിഡന്റ്. ഫ്രാന്‍സില്‍ നിന്നും 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട് എന്ന പ്രതിപക്ഷത്തിന്റെ വാദത്തിന് ബലം പകരുന്നതാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍.