ദളിത് നേതാവ് ജിഗ്നേഷ് മെവാനി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദളിത് നേതാവ് ജിഗ്നേഷ് മെവാനി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു

അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ദളിത് നേതാവ് ജിഗ്നേഷ് മെവാനിയുമായി കൂടിക്കാഴ്ച നടത്തി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇരുവരുടെയും കൂടിക്കാഴ്ച്ച. കൂടികാഴ്ചക്ക് ശേഷം രാഹുലുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്ന് ജിഗ്നേഷ് മേവാനി പ്രതികരിച്ചു. 

ദളിത് ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിന് വേണ്ടി 17 ഉന്നയിച്ച ആവശ്യങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താമെന്ന് രാഹുല്‍ ഉറപ്പുനല്‍കിയതായി മേവാനി പ്രതികരിച്ചു. ഗുജറാത്തിലെ നവസാരിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കു ശേഷം മെവാനി രാഹുലിനൊപ്പം യാത്ര ചെയ്തു. രാഹുലിന്റെ ജാഥാ വാഹനത്തിലാണ് ജിഗ്നേഷ് യാത്ര നടത്തിയത്. 

ഹാര്‍ദിക് പട്ടേലിന് പിന്നാലെ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിനോട് കൂടുതല്‍ അടുക്കുന്നത് ബിജെപി ക്യാമ്ബുകളെ ആശങ്കപ്പെടുത്തുകയാണ്. താന്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയാല്‍ തന്നെ അതു ദളിത് വിഭാഗത്തിന്റെ പ്രശ്നങ്ങളിലെ കോണ്‍ഗ്രസ് നിലപാടറിയാന്‍ വേണ്ടിയായിരിക്കുമെന്ന് മേവാനി വ്യക്തമാക്കിയിരുന്നു. അല്ലാതെ സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടിയാകില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജിഗ്നേഷ് മെവാനി മുമ്പ് പറഞ്ഞിരുന്നു.