രാഹുലിന്‍റെ  സ്ഥാനാര്‍ത്ഥിത്വം തള്ളാതെ എഐസിസി-രാഹുല്‍ ഗാന്ധി മത്സരിക്കണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാഹുലിന്‍റെ  സ്ഥാനാര്‍ത്ഥിത്വം തള്ളാതെ എഐസിസി-രാഹുല്‍ ഗാന്ധി മത്സരിക്കണം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം തള്ളാതെ എഐസിസി നേതൃത്വം. കേരളത്തില്‍ നിന്നുള്ള നേതാക്കളും കെപിസിസിയും രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം സന്തോഷത്തോടെ ഉള്‍ക്കൊള്ളുന്നുവെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇനിയും ഉണ്ടാകേണ്ടതുണ്ടെന്നും എഐസിസി വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

കേരളത്തിലെ പ്രവര്‍ത്തകരുടെയും വികാരം മാനിക്കുന്നുവെന്നും കെപിസിസിയോട് നന്ദിയുണ്ടെന്നും സുര്‍ജേവാല പ്രതികരിച്ചു. അമേഠിയാണ് എക്കാലത്തും രാഹുലിന്റെ പ്രവര്‍ത്തന മണ്ഡലം. മറ്റൊരിടത്ത് മത്സരിക്കുന്ന കാര്യത്തില്‍ അതേ അര്‍ത്ഥത്തില്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നും എഐസിസി വ്യക്തമാക്കി.

ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന രണ്ട് സംസ്ഥാനങ്ങളാണ് കേരളവും കര്‍ണാടകവും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നതോടെ പരമാവധി സീറ്റുകള്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും പിടിച്ചെടുക്കാന്‍ കഴിയും എന്നും ഹൈക്കമാന്‍ഡ് കണക്കു കൂട്ടുന്നു. രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനോട് യുഡിഎഫിലെ ഘടകകക്ഷികള്‍ക്കും പൂര്‍ണ യോജിപ്പാണുള്ളത്.