രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിക്കണമെന്ന് ആവശ്യമുയരുന്നു; പിന്തുണയോടെ നേതാക്കളും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിക്കണമെന്ന് ആവശ്യമുയരുന്നു; പിന്തുണയോടെ നേതാക്കളും

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ നിന്നും കൂടി മൽസരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാഹുൽ കർണാടകയിൽ നിന്നും മൽസരിക്കണമെന്ന് പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു ആവശ്യപ്പെട്ടു. പിസിസി പ്രസിഡന്റിന്റെ ആവശ്യത്തിനു പിന്തുണയുമായി കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും രംഗത്തെത്തി.

അമേഠിക്കൊപ്പം മറ്റൊരു മണ്ഡലത്തിൽ കൂടി കോൺഗ്രസ് അധ്യക്ഷൻ മത്സരിക്കണമെന്നാണ് ആവശ്യം. ഹൈകമാൻഡും ഈ കാര്യം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇന്ദിരാ ഗാന്ധിയും സോണിയാ ഗാന്ധിയും ജനവിധി തേടിയ കർണാടകയിൽ നിന്നാകണം രാഹുലും മത്സരിക്കേണ്ടതെന്നാണ് ആവശ്യമുയരുന്നത്. കർണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥും രാഹുൽ ഗാന്ധിയെ സംസ്ഥാനത്ത് മത്സരിക്കാൻ ക്ഷണിച്ചിട്ടുണ്ട്.

രാജ്യം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോയപ്പോഴൊക്കെ കോൺഗ്രസ് നേതാക്കൾ ദക്ഷിണേന്ത്യയിൽ നിന്നു മത്സരിച്ചിട്ടുണ്ടെന്നു പി.സി.വിഷ്ണുനാഥ് പറഞ്ഞു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സമാന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 

1978–ൽ ഇന്ദിരാ ഗാന്ധി കർണാടകയിലെ ചിക്മംഗളൂരുവിൽ നിന്നും 1999–ൽ കോൺഗ്രസ് അധ്യക്ഷയായിരിക്കെ സോണിയ ഗാന്ധി ബെല്ലാരിയിൽ നിന്നും മത്സരിച്ചു വിജയിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ നേതാക്കളുടെ ആവശ്യം.


LATEST NEWS