സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള പരാമര്‍ശം പിന്‍വലിക്കുന്നു: രവിശങ്കര്‍ പ്രസാദ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള പരാമര്‍ശം പിന്‍വലിക്കുന്നു: രവിശങ്കര്‍ പ്രസാദ്

ന്യൂഡൽഹി:  രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള പരാമര്‍ശം പിന്‍വലിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. മൂന്ന് സിനിമകള്‍ ഒറ്റ ദിവസം കൊണ്ട് 120 കോടി രൂപ നേടിയത് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ല എന്നതിന്  തെളിവാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാല്‍ മുംബൈയില്‍ നടന്ന  വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചെന്നും താന്‍ വളരെ സെന്‍സിറ്റീവായ വ്യക്തിയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 

തന്‍റെ സംസാരത്തിന്‍റെ മുഴുവന്‍ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിലെ ഒരു ഭാഗം മാത്രം പൂര്‍ണമായും വളച്ചൊടിച്ചു. ഒരു സെന്‍സിറ്റീവ് വ്യക്തി ആയതുകൊണ്ട് പ്രസ്താവന പിന്‍വലിക്കുകയാണെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു. സാമ്പത്തിക പ്രതിസന്ധി ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ മുമ്പോട്ട് വച്ച വിവിധ മാര്‍ഗങ്ങളെക്കുറിച്ചും വിശദീകരിച്ചിരുന്നെന്നും സാധാരണക്കാരായ ജനങ്ങളുടെ സംവേദനക്ഷമതയ്ക്ക്  മോദി സര്‍ക്കാര്‍ വേണ്ട കരുതല്‍ നല്‍കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്ത മൂന്ന് സിനിമകളില്‍ നിന്നായി 120 കോടി രൂപയുടെ കളക്ഷന്‍ ലഭിച്ച വിവരം ചലച്ചിത്ര നിരൂപകനായ കോമള്‍ നെഹ്ത പറഞ്ഞെന്നും 120 കോടി രൂപ കളക്ഷന്‍ ലഭിച്ചത് രാജ്യത്തിന്‍റെ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയെയാണ് കാണിക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് അദ്ദേഹം പിന്‍വലിച്ചത്.