റോഹിങ്ക്യകള്‍ അഭയാര്‍ഥികളല്ല :  ഇന്ത്യയില്‍ നിന്ന് മടക്കി അയക്കുന്നതില്‍  എതിര്‍ക്കുന്നത് എന്തുകൊണ്ട് : രാജ്‌നാഥ് സിങ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റോഹിങ്ക്യകള്‍ അഭയാര്‍ഥികളല്ല :  ഇന്ത്യയില്‍ നിന്ന് മടക്കി അയക്കുന്നതില്‍  എതിര്‍ക്കുന്നത് എന്തുകൊണ്ട് : രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: റോഹിങ്ക്യകള്‍ അഭയാര്‍ഥികളല്ല അനധികൃത കുടിയേറ്റക്കാര്‍ മാത്രമാണെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഇവരെ ഇന്ത്യയില്‍നിന്നും മടക്കി അയക്കുന്നതില്‍  മ്യാന്‍മര്‍ വിമുഖത പ്രകടിപ്പിക്കാത്ത സ്ഥിതിക്ക് അവരെ നാടുകടത്തുന്നതിനെ ചിലര്‍ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്നും രാജ്‌നാഥ് സിങ് ചോദിച്ചു.

അഭയാര്‍ഥികളുടെ പദവി റോഹിങ്ക്യകള്‍ക്ക് നല്‍കിയിട്ടില്ല. അവര്‍ക്ക് ഇവിടെ അഭയം നല്‍കിയിട്ടുമില്ല. അവരിപ്പോള്‍ അനധികൃത കുടിയേറ്റക്കാര്‍ മാത്രമാണ്. അതിന് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. 1951ലെ ഐക്യരാഷ്ട്രസഭ റഫ്യൂജി കണ്‍വെന്‍ഷനില്‍ ഇന്ത്യ ഒപ്പിട്ടിട്ടില്ലെങ്കില്‍ പോലും റോഹിങ്ക്യകളെ നാടുകടത്തുന്നത് വഴി ഇന്ത്യ ഒരു അന്താരാഷ്ട്ര നിയമവും ലംഘിക്കുന്നില്ലെന്നും രാജ്‌നാഥ് വ്യക്തമാക്കി.മ്യാന്‍മാര്‍ റോഹിംഗ്യന്‍ മുസ്ലീങ്ങളെ സ്വീകരിക്കാന്‍ തയാറാകുമ്പോള്‍ അവരെ മടക്കി അയയ്ക്കുന്നതിനെ ഇവിടെയുള്ളവര്‍ തടയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോഹിങ്ക്യകളെ ഇന്ത്യയില്‍ എത്തിക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ ബംഗാള്‍, ത്രിപുര, മ്യാന്‍മാര്‍ എന്നിവിടങ്ങള്‍ കേന്ദ്രികരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് ഐഎസ്, ഐഎസ്‌ഐ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു.

റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി ഫാലി എസ്. നരിമാനും കപില്‍ സിബലുമാണ് സുപ്രീംകോടതിയില്‍ ഹാജരായത്. കേസ് ഒക്ടോബര്‍ മൂന്നിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് രാജ്‌നാഥ് സിംങ് സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചത്.


LATEST NEWS